കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് ഉണക്ക മുന്തിരി. വിറ്റാമിനുകളും ധാതുക്കളും ആന്‍റിഓക്സിഡന്‍റുകളും ഉണക്ക മുന്തിരിയില്‍ ധാരാളമുണ്ട്. ഒന്നര കപ്പ് ഉണക്ക മുന്തിരിയില്‍ 217 കലോറിയും 47 ​ഗ്രാം ഷു​ഗറും അടങ്ങിയിട്ടുണ്ട്. പുരുഷന്മാരില്‍ ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഉണക്ക മുന്തിരി കഴിക്കുന്നത് നല്ലതാണെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഉണക്കമുന്തിരി കഴിച്ചാല്‍ എന്തൊക്കെ ഗുണങ്ങളാണ് ലഭിക്കുന്നതെന്ന് നോക്കാം.

ആന്‍റിഓക്സിഡന്‍റുകളോടൊപ്പം പൊട്ടാസ്യം, അയണ്‍, ബി കോംപ്ലക്സ് വിറ്റാമിനുകള്‍ തുടങ്ങിയവയും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ചതാണ് ഉണക്ക മുന്തിരി. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഇവ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയ വ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാന്‍ ഉണക്കമുന്തിരി ശീലമാക്കാം.

ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ഉണക്ക മുന്തിരി കഴിക്കാം. ഫ്രക്ടോസ്, ഗ്ലൂക്കോസ് എന്നിവയാല്‍ സമ്പന്നമാണ് ഉണക്ക മുന്തിരി. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കൂടാതെ ഭാരം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ദിവസവും ധാരാളം ഉണക്ക മുന്തിരി കഴിക്കാം.

ഉണക്ക മുന്തിരിയില്‍ അയണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ ഇരുമ്ബിന്റെ അഭാവം അകറ്റാനും വിളര്‍ച്ച തടയാനും സാധിക്കും

എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിലെ ഇരുമ്പിന്റെ അളവ് നിലനിര്‍ത്താനും ഉണക്ക മുന്തിരി സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകും.