ന്യൂ ഡല്‍ഹി: രാജ്യത്ത് കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ ഉപവകഭേദം (എ.വൈ. 1) കേരളത്തില്‍ വ്യാപിക്കുന്നു. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകാന്‍ കാരണം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണ്.

ഓഗസ്റ്റില്‍ പരിശോധിച്ച 909 സാംപിളുകളില്‍ 424 എണ്ണത്തിലാണ് എ.വൈ. 1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് എ.വൈ. 1 കണ്ടെത്തിയത്.

എന്നാല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ അപകടകാരിയാണോ എ.വൈ. 1 എന്ന കാര്യത്തില്‍ വ്യക്തതയില്ല. സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയുടെ (ഐ.ജി.ഐ.ബി.) പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്.

നിലവില്‍ രാജ്യത്ത് ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ടിപിആര്‍ നിരക്കിലും വന്‍ ഉയര്‍ച്ചയാണ്.

ഈ സാഹചര്യത്തില്‍ എ.വൈ. 1 ഭീതി പരത്തുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍. കേരളം കഴിഞ്ഞാല്‍ ആനുപാതികമായി മഹാരാഷ്ട്രയിലാണ് ഇത് കൂടുതലുള്ളത്.