തിരുവനന്തപുരം: റബ്ബര്‍ അധിഷ്ടിത മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ കേരള റബ്ബര്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറായി മുന്‍ ഐ.എ എസ് ഉദ്യോഗസ്ഥയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായിരുന്ന ഷീല തോമസിനെ നിയമിച്ചു.

അഞ്ചംഗ ഡയറക്ടര്‍ ബോര്‍ഡും ഇതോടൊപ്പം നിലവില്‍ വന്നു. വ്യവസായ വകുപ്പ് ഡയറക്ടര്‍, കെ.എസ്‌ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍, റബ്ബര്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍ രാഘവന്‍ എന്നിവരാണ് ബോര്‍ഡിലുള്ളത്. കൊച്ചി സിയാല്‍ മാതൃകയിലാണ് കമ്ബനിയുടെ പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നത്. കമ്ബനിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ഉടനെ പ്രവര്‍ത്തനം ആരംഭിക്കും.

റബ്ബര്‍ ബോര്‍ഡ് ചെയര്‍ പേഴ്‌സണ്‍, നാച്ചുറല്‍ റബര്‍ പ്രൊഡ്യൂസിങ് കണ്‍ട്രീസ് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അനുഭവവുമായാണ് ഷീല തോമസ് പുതിയ കമ്ബനിയുടെ ചുമതലയേല്‍ക്കുന്നത്.