തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കച്ചവടസ്ഥാപനങ്ങളുടെ ഉടമകളുടെ യോഗം പഞ്ചായത്തുതലത്തില്‍ വിളിച്ചുകൂട്ടാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്കി. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് ഇത്തരം യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കടകളിലും വ്യാപാരസ്ഥാപനങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഹോം ഡെലിവറി, ഇലക്ട്രോണിക് പണമിടപാട് എന്നീ സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ കടയുടമകളെ പ്രേരിപ്പിക്കുകയും ചെയ്യും. രണ്ടു ദിവസത്തിനകം യോഗങ്ങള്‍ നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ പൊതുയിടങ്ങളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും. റെസിഡെന്റ്സ് അസോസിയേഷനുകളുടെ സഹായത്തോടെ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും പദ്ധതിയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,12,75,313 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 22,088 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1591, കൊല്ലം 2660, പത്തനംതിട്ട 661, ആലപ്പുഴ 1674, കോട്ടയം 493, ഇടുക്കി 485, എറണാകുളം 2022, തൃശൂര്‍ 2359, പാലക്കാട് 2057, മലപ്പുറം 3057, കോഴിക്കോട് 2822, വയനാട് 667, കണ്ണൂര്‍ 1009, കാസര്‍ഗോഡ് 531 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,12,566 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 37,73,754 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,33,817 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 5,03,762 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,055 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2666 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.



