തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വൈറസ് ആന്റിബോഡി സാനിധ്യം എത്രത്തോളമെന്ന് കണ്ടെത്താല്‍ ആരോഗ്യവകുപ്പ് സെറോ സര്‍വൈലന്‍സ് പഠനം നടത്തുന്നു. 18 വയസിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, 5 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ എന്നിവരില്‍ പഠനം നടത്തും. കൂടാതെ ആദിവാസി മേഖല, തീരദേശ മേഖല, ചേരിപ്രദേശങ്ങള്‍, എന്നിവിടങ്ങളില്‍ 18 വയസിന് മുകളിലുള്ളവരെയും പഠനത്തിന്റെ ഭാഗമാക്കും.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്. വാക്സിനേഷനിലൂടെയും, കോവിഡ് ബാധയിലൂടെയും ശരീരത്തില്‍ കോവിഡ് വൈറസിനെതിരയാ ആന്റിബോഡി എത്രപേര്‍ക്കുണ്ട് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. നേരത്തെ കേന്ദ്രം നടത്തിയ പഠനത്തില്‍ ജനസംഖ്യയില്‍ 42.7 ശതമാനം പേര്‍ക്ക് ആന്റിബോഡി കണ്ടെത്തിയിരുന്നു. ഐ.സി.എം.ആര്‍. നടത്തിയ സെറോ സര്‍വയലന്‍സ് പഠനമനുസരിച്ച്‌ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 42.7 ശതമാനം ആളുകള്‍ക്ക് മാത്രമേ രോഗം വന്നോ വാക്‌സിനെടുത്തോ ആന്റിബോഡി കൈവരിച്ചിട്ടുള്ളു. ഇനിയും രോഗം വരാനുള്ളവര്‍ 50 ശതമാനത്തിലധികമായതിനാല്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇനി പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കി സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കോവിഡ് പ്രതിരോധത്തിന് രാഷ്ട്രീയമില്ല. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിച്ചുനിന്ന് ഈ പ്രതിസന്ധി മറികടക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.

ഏറ്റവും മികച്ച രീതിയില്‍ രോഗനിര്‍ണയം നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അവകാശപ്പെട്ടു. ആറുകേസില്‍ ഒരെണ്ണം വീതം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിന്റെയര്‍ത്ഥം പരമാവധി രോഗികളെ നാം കണ്ടെത്തുന്നു എന്നാണ്. ദേശീയ ശരാശരി 33ല്‍ ഒന്നാണ്. ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നൂറിലൊരു കേസാണ് കണ്ടെത്തുന്നത്.

സംസ്ഥാനത്ത് 70.24 ശതമാനം പേര്‍ ആദ്യഡോസ് വാക്‌സിനെടുത്തു. 25.51 ശതമാനം പേര്‍ രണ്ടാം ഡോസും എടുത്തു. 60 വയസിന് മുകളിലുള്ളവര്‍, കിടപ്പുരോഗികള്‍, അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കെല്ലാം വാക്‌സിന്‍ ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. മെയ് 12ന് 43,529 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് കേസ്.
– ഒരു ദിവസം ഒരു കോടി വാക്സിന്‍; ഒരു കോടി വാക്സിന്‍ എന്ന നേട്ടം കൈവരിച്ച്‌ ഇന്ത്യ

2020ല്‍ ഓണത്തിന് മുമ്ബ് ആഗസ്തില്‍ 1500ഓളം രോഗികളാണ് പ്രതിദിനം ഉണ്ടായിരുന്നത്. എന്നാല്‍ ഓണത്തിന് ശേഷം സെപ്റ്റംബറോടെ ഇത് മൂന്നിരട്ടിയായി വര്‍ധിച്ചു. ഒക്‌ടോബറില്‍ ഏഴിരട്ടിയായി വര്‍ധിച്ച്‌ 12,000 ല്‍ അധികം രോഗികളുണ്ടായി. ഇത്തവണയും ഈ ജാഗ്രതനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരുന്നു. ഇനിയും ശ്രദ്ധിച്ചാല്‍ രോഗ വ്യാപനം തടയാനാകും.

ബ്രേക്ക് ത്രൂ ഇന്‍ഫക്ഷന്‍ സംബന്ധിച്ച്‌ പഠനം നടത്തിയ ഏക സംസ്ഥാനം കേരളമാണ്. ജില്ലാതലത്തില്‍ ലഭ്യമാകുന്ന മുഴുവന്‍ വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് കേരളം ഇത്തരം പഠനങ്ങള്‍ നടത്തുന്നത്. ഐസിയു, വെന്റിലേറ്റര്‍ കിടക്കകളില്‍ രോഗികള്‍ വളരെ കുറവാണ്. ഐസിയുവില്‍ 2131 എണ്ണത്തിലും വെന്റിലേറ്ററില്‍ 757 എണ്ണത്തിലും മാത്രമാണ് രോഗികളുള്ളത്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസിയുകളില്‍ 43 ശതമാനവും വെന്റിലേറ്ററുകളില്‍ 75 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്.

തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസികളില്‍ 82 ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 720 കേന്ദ്രങ്ങളിലായി 33,394 കിടക്കളാണ് ഡിസികളിലുള്ളത്. അതില്‍ 6013 എണ്ണത്തില്‍ മാത്രമാണ് രോഗികളുള്ളത്. സിഎഫ്‌എല്‍ടിസികളില്‍ 66ഉം സിഎസ്‌എല്‍ടിസികളില്‍ 54ഉം ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.