ഡോ. ജോര്‍ജ് എം. കാക്കനാട്

മലങ്കരസഭയുടെ ആത്മീയാചാര്യന്‍ എന്ന നിലയ്ക്കാണ് ബിഷപ്പ് ജേക്കബ് മാര്‍ ബാര്‍ണബാസ് തിരുമേനിയെ ഇനി കാലം അടയാളപ്പെടുത്തുക. അദ്ദേഹം സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി കേരളത്തിനു പുറത്ത് നിര്‍വഹിച്ചത് നിയോഗങ്ങളുടെ നീണ്ട കാലമായിരുന്നു. അതിനു അദ്ദേഹം ത്യജിച്ചത് സ്വജീവിതം തന്നെയായിരുന്നുവെന്നും പറയാം. ജീവിതത്തെ ആത്മീയതയും കര്‍മ്മാനുഷ്ഠാനവും എന്ന നിലയ്ക്ക് തിരിച്ചാല്‍ ബര്‍ണബാസ് തിരുമേനി ഇതില്‍ രണ്ടിലും ശ്രേഷ്ഠനായിരുന്നുവെന്നു മനസ്സിലാക്കാം. അദ്ദേഹം നീതിപൂര്‍വ്വവും ത്യാഗോജ്വലതയോടെയും നടപ്പാക്കിയത് െ്രെകസ്തവസഭയില്‍ ഇതുവരെ ഒരു തിരുമേനിയും കണ്ടെത്താനാവാത്ത വിധത്തിലായിരുന്നു. ബൈബിളിലെ മഹാവാക്യങ്ങള്‍ അദ്ദേഹത്തെ ലാളിത്യത്തിന്റെ കര്‍മ്മോജ്വലനാക്കി മാറ്റി.

ഗുരുഗ്രാമില്‍ പുതിയതായി മലങ്കര ഭദ്രാസനം തുടങ്ങിയപ്പോള്‍ അതിനു നേതൃത്വം നല്‍കാനായി നിയോഗിക്കപ്പെട്ട അജപാലകനെ സഭയ്ക്ക് ഒരിക്കലും മറക്കാനാവില്ല. റോമില്‍ നിന്നും മാര്‍പാപ്പ കേരളത്തിനു പുറത്ത് അജപാലന അധികാരം നല്‍കിയതോടെ തിരുമേനി ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സഭയുടെ വളര്‍ച്ചയ്ക്ക് വേണ്ടി തന്റെ ഉത്തരവാദിത്വം കര്‍മ്മബോധത്തോടെ കൃത്യമായി നിറവേറ്റി. സുവിശേഷം എത്തിപ്പെടാത്തയിടങ്ങളില്‍ അദ്ദേഹമെത്തി. വിശപ്പറിഞ്ഞവര്‍ക്കരികിലേക്ക് അദ്ദേഹം ഓടിയെത്തുകയായിരുന്നുവെന്നു വേണം പറയാന്‍. കോവിഡിന്റെ മഹാമാരിയില്‍ ഉത്തരേന്ത്യ മുഴുവന്‍ വിറങ്ങലിച്ചു നിന്നപ്പോള്‍ യാതൊന്നിനെയും ഭയപ്പെടാതെ പിതാവ് നേരിട്ടിറങ്ങി, വിശക്കുന്നവര്‍ക്ക് ഭക്ഷണമെത്തിച്ചു. മരുന്നെത്തിച്ചു. പ്രാണവായുവില്ലാതെ പിടഞ്ഞവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. അത്തരമൊരു അനുഭവം, ഈ കൊറോണക്കാലത്ത് അജപാലനചരിത്രത്തില്‍ തന്നെ ഇദംപ്രഥമായിരുന്നുവെന്നു പലരും അനുസ്മരിക്കുന്നു.

ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലുമൊക്കെയും പാവങ്ങളുടെ നല്ല ഇടയനായാണ് ബര്‍ണബാസ് പിതാവ് അറിയപ്പെട്ടത്. അദ്ദേഹം മലങ്കരയുടെ മഹാപുരുഷനായി മാറുന്നത്, ദുരിതങ്ങളാല്‍ വലയുന്നവന്റെ കണ്ണീരൊപ്പിയാണ്. അവന്റെ ജീവിതകയ്പുനീര്‍ തുടച്ചു കൊണ്ട് പിതാവ് അവര്‍ക്കൊപ്പം സഞ്ചരിച്ചു. അവരിലൊരാളെ പോലെ നടകൊണ്ടു. അവര്‍ക്കുള്ള ഭക്ഷണമുണ്ടാക്കാനായി രാത്രികളില്‍ പോലും കുശനിയില്‍ നിലയുറപ്പിച്ചു. അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം ഉപവസിച്ചു.

1960 ഡിസംബര്‍ 3ന് പത്തനംതിട്ടയിലാണ് ബര്‍ണബാസ് തിരുമേനി ജനിച്ചത്. അദ്ദേഹം, സ്‌കൂള്‍വിദ്യാഭ്യാസത്തിന് ശേഷം, 1975ല്‍ ക്രിസ്താനുകരണസഭയില്‍ ചേരുകയും, 1985ല്‍ തന്റെ നിത്യവൃത വാഗ്ദാനത്തിന് ശേഷം 1986 ഒക്ടോബര്‍ 2ന് അഭിവന്ദ്യ ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് മെത്രപ്പോലീത്തായില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. 2007 ഫെബ്രുവരി 7ന് ബെനഡിക്ട് പതിനാറാമന്‍ എമിരറ്റസ് പാപ്പാ അദ്ദേഹത്തെ ബാപാറയുടെ സ്ഥാനികമെത്രാനായും, മലങ്കര കത്തോലിക്കാ സഭയുടെ ബാഹ്യകേരള മിഷന്‍ മെത്രാനായും നിയമിച്ചു. പിന്നീട്, ഫ്രാന്‍സിസ് പാപ്പാ അദ്ദേഹത്തെ 2015ല്‍ ഗുരുഗ്രാം രൂപതാധ്യക്ഷനായി നിയമിക്കുകയായിരുന്നു.

2011 ജനുവരിയില്‍ ഡല്‍ഹിയില്‍ വച്ച് ഞാന്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗവും സുപ്രീംകോടതി അഡ്വക്കേറ്റുമായ എബ്രഹാം പട്ടിയാനിയും അദ്ദേഹത്തിന്റെ പത്‌നിക്കുമൊപ്പം പിതാവിനെ കാണുന്നത്. അദ്ദേഹത്തോടൊപ്പം അന്ന് ഭക്ഷണം കഴിക്കാനും കുറച്ചു മണിക്കൂറുകള്‍ ചെലവഴിക്കാനും എനിക്ക് ഭാഗ്യമുണ്ടായി. പിന്നീട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഗുഡ്ഗാവ് ഭദ്രാസനത്തിന്റെ പ്രഥമ ഇടയനായി മാറിയ ജേക്കബ് മാര്‍ ബര്‍ണബാസ് പിതാവിനെ പലപ്പോഴും അരമനയിലെത്തി കണ്ടെത്തിയിട്ടുണ്ട്. വിശക്കുന്നവനും ദുരിതം അനുഭവിക്കുന്നവര്‍ക്കുമൊപ്പം രാപകലന്യേ നേരിട്ടെത്തി കണ്ണീരൊപ്പുന്ന ഒരു മഹാസന്യാസി ശ്രേഷ്ഠനായിരുന്നു അദ്ദേഹമെന്ന് എത്രയോ വട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. പിതാവ് ജനതതികളുടെ ഗുരുശ്രേഷ്ഠനായിരുന്നു. അദ്ദേഹം ജീവിതത്തെ അടുത്തറിഞ്ഞു. അദ്ദേഹം ജീവിതം മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുത്തു. ലാളിത്യത്തിന്റെ മഹാമന്ത്രങ്ങള്‍ ഉരുക്കഴിച്ചെടുത്ത് അജപാലനജീവിതം എങ്ങനെ മാനുഷികമായി മാറ്റാമെന്നും സമൂഹത്തിന് കാണിച്ചു കൊടുത്തു. അദ്ദേഹത്തോടൊപ്പമുള്ള പാവനസ്മരണകള്‍ക്ക് മുന്നില്‍ ബാഷ്പാഞ്ജലികള്‍.