തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കുതിക്കുന്നതോടെ സംസ്ഥാനത്തെ ഗുരുതര രോഗികള്‍ക്കുള്ള ചികിത്സാ സൗകര്യങ്ങളില്‍ ആശങ്ക. 5 ജില്ലകളില്‍ സര്‍ക്കാരാശുപത്രികളില്‍ 10 ല്‍ താഴെ ഐസിയുകളും വെന്റിലേറ്ററുകളും മാത്രമാണ് ബാക്കിയുള്ളത്. കൊല്ലം, തൃശൂര്‍ ജില്ലകളില്‍ സര്‍ക്കാരാശുപത്രികളില്‍ ഒറ്റ വെന്റിലേറ്റര്‍ പോലും ഒഴിവില്ല. വാക്സീനെത്തിയതോടെ ഗുരുതര രോഗികള്‍ കുറഞ്ഞെന്നവകാശപ്പെടുമ്ബോഴും മരണനിരക്കും കുതിക്കുന്നത് ആശങ്കയ്ക്ക് വഴിയൊരുക്കുകയാണ്.

കൊല്ലത്ത് പൂജ്യം, ഇടുക്കിയിലും തൃശൂരിലും 3, കാസര്‍ഗോഡ് 4, കോട്ടയത്ത് 7, കേസുകള്‍ കുതിക്കുന്ന മലപ്പുറത്ത് 12, എറണാകുളത്ത് 17 കണ്ണൂരില്‍ 118ല്‍ 10 കിടക്കകള്‍ മാത്രം ബാക്കി. 101 ഐസിയു കിടക്കകളുണ്ടായിരുന്നിടത്താണ് തൃശ്ശൂരില്‍ 98ഉം നിറഞ്ഞത്. വെന്റിലേറ്ററിന്റെ കണക്കെടുത്താല്‍ കൊല്ലത്ത് അതും പൂജ്യമാണ്. തൃശ്ശൂരിലും ഇനി വെന്റിലേറ്ററില്ല. കോട്ടയത്ത് നാലും മലപ്പുറത്ത് അഞ്ചും, കേസുകള്‍ കൂടുന്ന എറണാകുളത്ത് ഒമ്ബതും വെന്റിലേറ്ററുകളാണ് ബാക്കി. മൊത്തം 1425 ല്‍ 329 ഐസിയുവും 984ല്‍ 323 വെന്റിലേറ്ററുമാണ് ഒഴിവുള്ളത്. സ്വകാര്യ മേഖല വലിയ തോതില്‍ നിറഞ്ഞിട്ടില്ല.

രണ്ടാംതരംഗത്തില്‍ കേസുകള്‍ നാല്‍പ്പതിനായിരം കടന്നപ്പോഴുണ്ടായ നിലയിലേക്ക് മരണം ഉയരുന്നതും വലിയ ആശങ്കയാണ്. ഇന്നലെ ഉണ്ടായതില്‍ 56 മരണം കണ്ണൂരില്‍ നിന്നും 33 മരണം തൃശൂരില്‍ നിന്നുമാണ്. കേസുകള്‍ ഇനിയും കൂടുന്നതോടെ ഇതും വരും ദിവസങ്ങളില്‍ കൂടാനും നീണ്ടുനില്‍ക്കാനുമാണ് സാധ്യത.