തിരുവനന്തപുരം: മുട്ടില്‍ മരം മുറിക്കേസ്​ അട്ടിമറിക്കാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ 24 ന്യൂസ്​ ചാനലി​െന്‍റ മലബാര്‍ റീജനല്‍ ചീഫ്​ ദീപക്​ ധര്‍മടത്തിനെതിരെ മാനേജ്​മെന്‍റ്​ നടപടി. ദീപക്കിനെ സസ്​പെന്‍ഡ്​ ചെയ്​തതായാണ്​ സൂചന. ദീപക്കി​െന്‍റ പങ്ക്​ വെളിപ്പെടുത്തിയുള്ള വനംവകുപ്പ്​ അന്വേഷണ റിപ്പോര്‍ട്ടും പ്രതികളുമായുള്ള ദീപക്കി​െന്‍റ അടുത്ത ബന്ധം തെളിയിക്കുന്ന ഫോണ്‍ സംഭാഷണ രേഖകളും ബുധനാഴ്​ച പുറത്തുവന്നിരുന്നു.

കേസിലെ പ്രതികളായ ആന്‍റോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍.ടി സാജനും മാധ്യമ പ്രവര്‍ത്തകന്‍ ദീപക്​ ധര്‍മ്മടവും ഇക്കാലയളവില്‍ നിരവധി തവണയാണ്​ ഫോണില്‍ ബന്ധപ്പെട്ടത്​. എന്‍.ടി സാജനും കേസിലെ പ്രതികളും തമ്മില്‍ നാലു മാസത്തിനിടെ വിളിച്ചത് 86 കോളുകളാണ്​. മാധ്യമ പ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും പ്രതികളായ ആന്‍റോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മില്‍ നാലു മാസത്തിനിടെ 107 തവണയാണ്​ ഫോണില്‍ ബന്ധപ്പെട്ടത്​​. വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോ‍ര്‍ട്ടിലാണ് ​ഫോണ്‍ വിളി വിവരങ്ങളുള്ളത്​.

മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കള്ളക്കേസില്‍ കുടുക്കാന്‍ സാജനും ആന്‍്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും ഒരു സംഘമായി പ്രവര്‍ത്തിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമാണ്​ വനം വകുപ്പിന്‍റെ റിപ്പോര്‍ട്ടിലുള്ളത്​. ഇതിനെ സാധൂകരിക്കുന്നതാണ്​ ഇപ്പോള്‍ പുറത്തുവന്ന ഫോണ്‍ വിളി വിവരങ്ങള്‍.

മണിക്കുന്ന് മലയിലെ സ്വകാര്യ ഭൂമിയിലെ മരംമുറിച്ചതിന്‍റെ പേരില്‍ കേസെടുത്ത്​ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.കെ സമീറിനെ കുടുക്കുകയായിരുന്നു. സമീര്‍ ചുമതലയേല്‍ക്കും മുമ്ബുള്ള മരംമുറിയിലാണ് എന്‍.ടി സാജന്‍ സമീറിനെതിരെ റിപ്പോ‍ര്‍ട്ട് നല്‍കിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഫെബ്രുവരി 15ന് സാജനും ആന്‍്റോ അഗസ്റ്റിനും തമ്മില്‍ 12 തവണ ഫോണില്‍ സംസാരിച്ചു. മുട്ടില്‍ മരം മുറി കേസിലെ പ്രതികള്‍ നല്‍കിയ വിവരമനസുരിച്ച്‌​ സമീറിനെതിരെ കള്ളകേസ്​ എടുക്കുകയായിരുന്നുവെന്നാണ്​ അന്വേഷണ റിപ്പോര്‍ട്ട്​.

മണിക്കുന്ന് മലയിലെ മരം മുറിയില്‍ കേസെടുക്കാന്‍ ദീപക് ധര്‍മ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡി.എഫ്.ഒയുമായി ബന്ധപ്പെട്ടിരുന്നു. ഇൗ ദിവസം ആ​േന്‍റാ അഗസ്റ്റിനും ദീപകും തമ്മില്‍ അഞ്ച് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്​.

മുട്ടില്‍ മരം മുറി കേസ്​ അട്ടിമറിക്കാനുള്ള ഗൂഢാലോചന തെളിയിക്കുന്ന റിപ്പോര്‍ട്ടുണ്ടായിട്ടും എന്‍.ടി സാജനെതിരെ സ്ഥലംമാറ്റ നടപടി മാത്രമാണുണ്ടായത്​. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ കണ്ടെത്തലുകള്‍ ഉണ്ടായിട്ടും കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍​ കടക്കാതിരുന്നതിന്​ പിറകില്‍ ഉന്നത ഇടപെടലുകളുണ്ടായെന്ന സംശയം ബലപ്പെടുകയാണ്​.