ഈ മാസം ആദ്യമായിരുന്നു കേരളത്തെ ഞെട്ടിച്ചുകൊണ്ട് അയ്യന്തോള്‍ പുഴക്കല്‍ റോഡില്‍ പഞ്ചിക്കലില്‍ പറന്നുവന്ന മയില്‍ ഇടിച്ച്‌ ബൈക്ക് യാത്രികരായ ദമ്ബതികള്‍ അപകടത്തില്‍ പെട്ടതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. യാത്രയ്ക്കിടയില്‍ റോഡിന് കുറുകെ പറന്ന മയില്‍ വാഹനമോടിച്ച ഭര്‍ത്താവിന്റെ നെഞ്ചില്‍ വന്നിടിക്കുകയും ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലില്‍ ചെന്നിടിച്ച്‌ മറിയുകയുമായിരുന്നു.

കേരളത്തില്‍ അസാധാരണമായി മാത്രം കാണപ്പെടുന്ന മയില്‍ റോഡിലൂടെ പറന്ന സംഭവത്തിന് പിന്നില്‍ കാലാവസ്ഥാ വ്യതിയാനത്തിന് സ്ഥാനമുണ്ട് എന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍. സാധാരണ ഗതിയില്‍ വരണ്ട സ്ഥലങ്ങളില്‍ കാണപ്പെടുന്ന പക്ഷിയെന്ന നിലയില്‍ കേരളം പതിയെ വരണ്ട പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സൂചനയാണ് അപകടം നല്‍കുന്നതെന്നാണ് ഇവര്‍ പറയുന്നത്. നിരീക്ഷണം നടത്തിയിരിക്കുന്നത് ദി ന്യൂ ജര്‍ണല്‍ എന്ന ഓണ്‍ലൈന്‍ മാധ്യമമാണ്.

ഈര്‍പ്പമുള്ള സംസ്ഥാനം എന്ന നിലയില്‍ ”കേരളത്തില്‍ മയിലുകളെ ധാരാളമായി കാണുന്നത് തന്നെ ഏറെ ഗൗരവമുള്ള കാര്യമാണ്. അതായത് മയിലുകളുടെ ജൈവ വിന്യാസത്തിന് അനുസൃതമായി ഒരു വരണ്ട പ്രദേശമായി നമ്മുടെ സംസ്ഥാനം മാറിക്കൊണ്ടിരിക്കുകയാണെന്ന സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നത്.” കേരളാ അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയിലെ കോളേജ് ഓഫ് ഫോറസ്റ്ററി വിഭാഗത്തിലെ വൈല്‍ഡ്‌ലൈഫ് പ്രൊഫസര്‍ പി ഒ നമീറിനെ ഉദ്ധരിച്ച്‌ മാധ്യമം പറയുന്നു.

കേരള സംസ്ഥാനത്തിന്റെ 19 ശതമാനം പ്രദേശങ്ങള്‍ മദ്ധ്യകേരളത്തിലെ തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളും വടക്കന്‍ കേരളത്തിലെ കാസര്‍ഗോഡും മയിലുകളുടെ ജീവസന്ധാരണത്തിന് ഏറെ അനുയോജ്യമാണെന്നാണ് ഈ രംഗത്ത് പഠനം നടത്തിയ പി ഒ നമീറും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ സാഞ്‌ജോ ജോസിനെയും ഉദ്ധരിച്ച്‌ വെബ്സൈറ്റ് പറയുന്നത്. ഈ മേഖയില്‍ മയിലുകളുടെ എണ്ണം കുടിയതായും ഭാവയിലെ കാലാവസ്ഥാ വ്യതിയാനം അനുസരിച്ച്‌ ഈ ജീവികളുടെ നില 2050 ഓടെ 41-55 ശതമാനത്തിലേക്ക് ഉയരുമെന്നും പഠനം പറയുന്നു.

സമനിരപ്പും താഴ്ന്നതുമായ പ്രദേശങ്ങളായ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കും ഈ സ്ഥിതി വ്യാപിച്ചേക്കാമെന്നാണ് നിരീക്ഷണം. 2050 ഓടെ കേരളം ചൂടന്‍ പ്രദേശമായി മാറിയേക്കാമെന്ന് അര്‍ത്ഥം. കാലാവസ്ഥാ വ്യതിയാനത്തിന്റെ കൃത്യമായ സൂചന നല്‍കുന്നവരാണ് പക്ഷികള്‍. കാലാവസ്ഥ വ്യതിയാനം കണക്കാക്കി ചില പക്ഷിജാതികളുടെ പ്രജനനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കാലാവസ്ഥാ ഗവേഷണത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

അടുത്ത കാലത്തായി വേനല്‍മാസങ്ങളില്‍ കഠിനമായ വരള്‍ച്ചയാണ് കേരളം നേരിടുന്നത്. ദക്ഷിണ കേരളത്തില്‍ വാര്‍ഷീകാനുപാതത്തില്‍ മഴ കുറഞ്ഞു വരികയും ചെയ്യുന്നു. 1980 കളുമായി താരതമ്യം ചെയ്യുമ്ബോള്‍ 2040-2049 ദശത്തില്‍ കേരളത്തിലെ മണ്‍സൂണ്‍ സീസണുകളില്‍ പോലും പ്രതല താപനില 1.5 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കുറയുന്നതോടെ ഉണ്ടാകുന്ന ഹൃസ്വകാല വരള്‍ച്ച മയിലുകളുടെ ചേക്കേറല്‍ ഈ മേഖലകളില്‍ കൂടാന്‍ കാരണമാകും.

നിലവിലെ സാഹചര്യത്തില്‍ വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടക്കി പോലെയുള്ള ഉയരം കുടിയ ജില്ലകളിലെ കാലാവസ്ഥ മയിലുകളുടെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമാണ്. ഉയരുന്ന പകല്‍ചൂടും സാഹചര്യങ്ങളെ പിന്തുണയ്ക്കുന്നു.

ഉയര്‍ന്ന നിലയിലും താഴ്ന്ന നിലയിലും ശരാശരിയിലും പലയിടത്തും താപനില ആനുപാതികമായി കൂടുന്നതായിട്ടാണ് പനങ്ങള്‍ പറയുന്നത്. എന്നിരുന്നാലും താപനില ഉയരുന്നത് മാത്രമല്ല മയിലുകളുടെ ചേക്കേറലിന് കാരണമാകുന്നതെന്നും നമീര്‍ പറയുന്നു. ചില മേഖലകളില്‍ വേനലിനൊപ്പം വരുന്ന വേനല്‍മഴ കുടിയാലും മയിലുകളുടെ ചേക്കേറലുകള്‍ സംഭവിക്കാറുണ്ടാകില്ല.

”ഇപ്രകാരം മണ്‍സൂണിന് ശേഷം സംഭവിക്കുന്ന നീരൊഴുക്കിലെ മാറ്റവും ഇങ്ങിനെയുണ്ടാകുന്ന താപനിലയിലെ മാറ്റവും മയിലുകളുടെ പ്രജനന കാര്യത്തില്‍ പ്രധാന സ്വഭാവ സവിശേഷതയായി മാറുന്നുണ്ട്. ഈര്‍പ്പ കാലാവസ്ഥ മാറുന്നതിനൊപ്പം താപനില ഉയരുകയും ചെയ്യുന്ന രണ്ടുസാഹചര്യങ്ങള്‍ ഒരുപോലെ വരുന്നതാണ് പ്രധാന കാരണം.” അതായത് നനവ് കാലവസ്ഥയില്‍ നിന്നുകൊണ്ടു തന്നെ കേളത്തിലെ കാലാവസ്ഥാ വ്യതിയാനം ഈര്‍പ്പത്തില്‍ നിന്നും വരള്‍ച്ചയിലേക്ക് മാറുന്നതായി നമീര്‍ വ്യക്തമാക്കുന്നു.

1933 ല്‍ ഇന്ത്യയിലെ പക്ഷിനിരീക്ഷകന്‍ സലിം അലി ദക്ഷിണകേരളത്തിലും മദ്ധ്യകേരളത്തിലുമായി കൊച്ചി, തിരുവിതാംകൂര്‍ പ്രവിശ്യകളില്‍ ഓര്‍ണിത്തോളി സര്‍വേ നടത്തുകയുണ്ടായി. സര്‍വേ നടത്തിയ 19 സൈറ്റുകളിലും മയിലിന്റെ സാന്നിദ്ധ്യം പേരിന് പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ 75 വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ കാലടികള്‍ പിന്തുടര്‍ന്ന് അതേ പാതയില്‍ ഒരു കൂട്ടം പക്ഷി നിരീക്ഷകരും സര്‍വേ നടത്തി. 19 ല്‍ 10 ഇടങ്ങളിലും മയിലുകളുടെ സാന്നിദ്ധ്യം ഇവര്‍ കണ്ടെത്തിയെന്നുള്ളതായിരുന്നു ഏറ്റവും വിസ്മയമായത്.

കേരളത്തിലെ വരണ്ട പ്രദേശങ്ങളായ മദ്ധ്യ വടക്കന്‍ ഭാഗങ്ങളിലാണ് ഇവര്‍ മയിലുകളെ കണ്ടെത്തിയത്. മറ്റു മേഖലകളെ താരതമ്യപ്പെടുത്തുമ്ബോള്‍ ഇവിടം കൂടുതല്‍ ചൂടേറിയതും വരണ്ടതുമായ പ്രദേശമായിരുന്നു. ഇത് സൂചിപ്പിക്കുന്നത് മദ്ധ്യ വടക്കന്‍ കേരളത്തില്‍ നിലവില്‍ കാണപ്പെടുന്നതിന് സമാനമായ ചേക്കേറലുകള്‍ ഭാവിയില്‍ കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നാണ്.

അതേസമയം ഏറെ ശ്രദ്ധേയമായ കാര്യം കേരളത്തിലെ നെല്‍കൃഷിയെ മയിലുകള്‍ നശിപ്പിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ്. ഒരു ഹെക്ടറില്‍ 16,615.45 രൂപയുടെ നഷ്ടം മയിലുകള്‍ ഉണ്ടാക്കുന്നു എന്നാണ് കണക്ക്. അതുകൊണ്ടു തന്നെ മയിലുകള്‍ കാണപ്പെടുന്നത് അത്രു ശുഭോദാര്‍ക്കമായ കാര്യമായി കണക്കാക്കാനുമാകില്ല.