ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്റെ ആസ്തിവിറ്റഴിക്കല്‍ പദ്ധതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പദ്ധതി കഴിഞ്ഞ 70 കൊല്ലം രാജ്യം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം.
‘ഇന്ത്യയുടെ കിരീടത്തിലെ രത്നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റ് നശിപ്പിക്കുന്നത്. ചില വ്യവസായ സുഹൃത്തുക്കളെ സഹായിക്കാനാണ് ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്. സ്വകാര്യവത്കരണത്തിന് കോണ്‍ഗ്രസ് എതിരല്ല. എന്നാല്‍ തങ്ങളുടെ നയത്തിന് ഒരു യുക്തിയുണ്ടായിരുന്നു. സര്‍ക്കാരിന്റെ നയം രാജ്യത്ത് രൂക്ഷമായ തൊഴിലില്ലായ്മ സൃഷ്ടിക്കും. യുവാക്കളുടെ ഭാവിക്കു മേലുള്ള ആക്രമണമാണിത്- രാഹുല്‍ പറഞ്ഞു.
നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കാനാണ് നാഷണല്‍ മോണിറ്റൈസേഷന് പൈപ്പ്ലൈന് പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസമാണ് പദ്ധതി ധനമന്ത്രി അനാവരണം ചെയ്തത്. റോഡുകള്‍, റെയില്‍വേ, വിമാനത്താവളം, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക. ഇവ പൂര്‍ണമായും വിറ്റഴിക്കുകയല്ലെന്നും ഉടസ്ഥാവകാശം കേന്ദ്രത്തിന് തന്നെയാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.



