കാബൂള്‍ :അഫ്ഗാന്‍ പൗരന്മാരെ കാബൂള്‍ വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവദിക്കില്ലെന്ന് താലിബാന്‍.കാബൂള്‍ വിമാനത്താവളത്തില്‍ ജനക്കൂട്ടം തടസ്സം സൃഷ്ടിക്കുന്നതിനും സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനുമായിട്ടാണ് നിരോധനം നടപ്പിലാക്കുന്നതെന്നാണ് താലിബാന്‍ നല്‍കുന്ന വിശദീകരണം. അഫ്ഗാന്‍ പൗരന്മാര്‍ക്ക് ഇനി വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവാദമില്ല. വിദേശികള്‍ക്ക് മാത്രമേ ഇനി വിമാനത്താവളത്തിലേക്ക് പോകാന്‍ അനുവാദമുള്ളൂ എന്നാണ് താലിബാന്‍ വക്താവ് പറഞ്ഞത്

അഫ്ഗാനിസ്ഥാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നുണ്ട്. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തില്‍ ഇപ്പോഴും സംഘര്‍ഷം നിലനില്‍ക്കുന്നുണ്ടെന്നും താലിബാന്‍ വക്താവ്. പഞ്ചശിര്‍ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് താലിബാന്‍ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.2021 ഓഗസ്റ്റ് 31 നകം അമേരിക്കന്‍ സൈന്യം രാജ്യത്ത് നിന്ന് പൂര്‍ണമായും പിന്മാറണമെന്നും അഫ്ഗാന്‍ വിടാന്‍ അമേരിക്ക, അഫ്ഗാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കരുതെന്നും മുജാഹിദ് കൂട്ടിചേര്‍ത്തു.

യുഎസുമായും നാറ്റോ സേനയുമായും ബന്ധമുള്ള ആളുകളെയും കുടുംബങ്ങളെയും തേടി താലിബാന്‍ വീടുവീടാന്തരം കയറിയിറങ്ങുകയാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ രഹസ്യാന്വേഷണ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.അതിന് ശേഷമാണ് താലിബാന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍.
അടുത്തിടെ താലിബാന്‍ അഫ്ഗാന്‍ പൗരന്മാര്‍ക്ക് പൊതുമാപ്പ് വാഗ്ദാനം ചെയ്തിരുന്നു.കൂടാതെ സ്ത്രീകളുടെ അവകാശങ്ങളും സുരക്ഷയും പരിപാലിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ സുരക്ഷ അതിന്റെ പൂര്‍ണതയില്‍ എത്തുന്നതുവരെ സ്ത്രീകളോട് വീട്ടില്‍ തുടരാന്‍ താലിബാന്‍ നിര്‍ദേശം നല്‍കി.

താലിബാനും സിഐഎയും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച്‌ തനിക്ക് അറിയില്ലെന്നും മുജാഹിദ് പറഞ്ഞു. യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി മേധാവി വില്യം ബേണ്‍സ് കാബൂളില്‍ താലിബാന്‍ സഹസ്ഥാപകന്‍ മുല്ല അബ്ദുല്‍ ഗനി ബരാദറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി മുന്‍പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു