തിരുവനന്തപുരം: ഓണത്തിന്റെ പശ്ചാത്തലത്തില്‍ അനുവദിച്ച ഇളവുകള്‍ കരുതലോടെ പ്രയോജനപ്പെടുത്തുന്നതിനു പകരം ആള്‍ക്കൂട്ട സഞ്ചാരവും ഇടപഴകലും വര്‍ദ്ധിച്ചതിനാല്‍ കൊവിഡ് അതിവ്യാപനം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സര്‍ക്കാര്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നു.

അതേസമയം, മൂന്നാംതരംഗം ഒക്ടോബര്‍ മുതല്‍ രാജ്യവ്യാപകമായി സംഭവിക്കുമെന്ന് കേന്ദ്ര ആരോഗ്യവിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിവ്യാപനം പരമാവധി ഒഴിവാക്കാന്‍ അടുത്ത നാലാഴ്ച അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. സ്ഥിതി വിലയിരുത്താനും മുന്നൊരുക്കങ്ങള്‍ നടത്താനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്നു ചേരും. ഓണ അവധിക്കുശേഷം ഇന്നു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളും മറ്റു സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുമ്ബോള്‍ പ്രത്യേക കരുതല്‍ വേണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

സ്ഥാപനങ്ങളിലും ഓഫീസുകളിലും വായുസഞ്ചാരം ഉറപ്പാക്കണം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും സംരക്ഷണം ഉറപ്പാക്കണം. ഒരാള്‍ക്ക് രോഗം വന്നാല്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനാല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായും പാലിക്കണം. വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവരായാലും അവരിലൂടെ ഡെല്‍റ്റ വകഭേദം വ്യാപിക്കുമെന്ന് കണ്ടെത്തിയതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണം.

എല്ലാക്കാലത്തും അടച്ചിടാന്‍ സാദ്ധ്യമല്ലാത്തതിനാലാണ് ജീവനും ജീവിതോപാധിയും ഒരുപോലെ സംരക്ഷിക്കാന്‍ ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതെന്ന് മന്ത്രി പറഞ്ഞു.

ഒക്ടോബറോടെ മൂന്നാം തരംഗം

ഒക്ടോബറോടെ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നും നിലവിലെ ചികിത്സാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു.

ജനിതക മാറ്റം വന്ന വൈറസുകള്‍ കൊവിഡ് ബാധിച്ചതുവഴിയും വാക്സിനേഷന്‍ സ്വീകരിച്ചതുവഴിയും ലഭിച്ച പ്രതിരോധശേഷിയെ മറികടക്കുന്നവയാണ്

80 മുതല്‍ 90 ശതമാനംവരെ ജനങ്ങള്‍ പ്രതിരോധശേഷി ആര്‍ജ്ജിച്ചാലേ ഫലപ്രദമായി തടയാനാകൂ.

ക്ലസ്റ്റര്‍ വ്യാപനം ഉള്ള നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രം സ്‌കൂളുകള്‍ അടച്ചിട്ട് ബാക്കിയുള്ളവ തുറക്കാം.

സാമൂഹിക വ്യാപനവും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ അടച്ചു തന്നെയിടണം.