ഏറ്റവും വലിയ മെഡിക്കൽ സ്പെഷ്യാലിറ്റി ഓർഗനൈസേഷനും യുഎസിലെ രണ്ടാമത്തെ വലിയ ഫിസിഷ്യൻ ഗ്രൂപ്പുമായ അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസിന്റെ (എ സി പി ) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ.ജോർജ് എം.എബ്രഹാമിനെ  അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യൻ ഒറിജിൻ (AAPI)  അഭിനന്ദിച്ചു. 1,70,000 ഫിസിഷ്യന്മാർ അടങ്ങുന്ന എ സി പി യുടെ പ്രസിഡന്റായി ഡോ.എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്ന് എഎപിഐ പ്രസിഡന്റ് ഡോ.അനുപമ ഗോട്ടിമുകുള അഭിപ്രായപ്പെട്ടു. മലയാളിയായ ഡോ.എബ്രഹാമിന്റെ നേട്ടത്തിൽ തങ്ങൾ കൂടുതൽ സന്തോഷിക്കുന്നു എന്ന്  കേരളത്തിൽ നിന്നുള്ള AAPI അംഗങ്ങളായ ഡോ. നരേന്ദ്രകുമാറിനും ഡോ. നരേഷ് പരീഖും പറഞ്ഞു.  നേതൃത്വഗുണങ്ങൾ, കാഴ്ചപ്പാട്, അഭിനിവേശം എന്നിവയാണ് അദ്ദേഹത്തെ ഇത്രവലിയ സ്ഥാനത്ത് എത്തിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

എ സി പി യുടെ 105 വർഷങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.  ലോകമെമ്പാടുമുള്ള 145 ലധികം രാജ്യങ്ങളിലെ  അംഗങ്ങളുള്ള യു എസിലെ  ഏറ്റവും വലിയ മെഡിക്കൽ സ്പെഷ്യാലിറ്റി സംഘടനയാണ് അമേരിക്കൻ കോളജ് ഓഫ് ഫിസിഷ്യൻസ്. മെഡിസിൻ പ്രാക്ടീസിൽ മികവും പ്രൊഫഷണലിസവും വളർത്തിയെടുത്ത് ആരോഗ്യ പരിപാലനത്തിന്റെ ഗുണനിലവാരവും ഫലപ്രാപ്തിയും വർദ്ധിപ്പിക്കുന്നതിനുള്ള ദൗത്യവുമായാണ്  ഇന്റെർണൽ മെഡിസിൻ സ്പെഷ്യലിസ്റ്റുകളുടെയും സബ്സ്പെഷ്യലിസ്റ്റുകളുടെയും ഈ  കമ്മ്യൂണിറ്റി പ്രവർത്തിക്കുന്നത്.

രോഗി പരിചരണം, ഭരണനിർവ്വഹണം, നേതൃത്വം, അക്കാദമിക്സ് എന്നിവയിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലും ലോകമെമ്പാടുമുള്ള സുപ്രധാന സ്ഥാനങ്ങൾ വഹിച്ചുകൊണ്ട് അതാത് മേഖലകളിൽ മികവ് പുലർത്തിയവരാണ് ഇന്ത്യൻ ഡോക്ടർമാർ എന്നതിൽ അഭിമാനിക്കുന്നു എന്ന്  പഞ്ചാബിയായ  AAPI BOT ചെയർമാൻ ഡോ. കുസും അഭിപ്രായപ്പെട്ടു.
അമേരിക്കയിലെ ഇന്ത്യൻ വംശജരായ 100,000 ഡോക്ടർമാരെ പ്രതിനിധാനം ചെയ്യുന്ന AAPI യുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. രവി കൊല്ലിയും ഡോ. എബ്രഹാമിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നതായി പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എ സി പി ക്ക്  ,  ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളുടെ ജീവൻ അപഹരിച്ച മഹാമാരിയെ നേരിടാൻ സാധ്യമായ ഏറ്റവും മികച്ച പരിഹാരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രത്യാശയും പ്രകടിപ്പിച്ചു. കോവിഡിനെ സമർഥമായി  കൈകാര്യം ചെയ്ത ഡോ. എബ്രഹാമിന്റെ പ്രതിബദ്ധത, ധാർമ്മികത, നിശബ്ദമായ നേതൃത്വ ശൈലി, കുറ്റമറ്റ യോഗ്യത എന്നിവ അദ്ദേഹത്തെ ഇനിയും ഉയരങ്ങളിലെത്തിക്കുമെന്ന് എഎപിഐ വൈസ് പ്രസിഡന്റ് ഡോ. അഞ്ജന സമദ്ദർ ആശംസിച്ചു.  ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള സമീപനത്തോടുള്ള വൈവിധ്യമാർന്ന അനുഭവങ്ങളും അഭിനിവേശവും ഉള്ള ഡോ. എബ്രഹാം കോവിഡിനെ നേരിടാൻ ഉടനടി  കൃത്യമായ പ്രവർത്തന പദ്ധതിയും  ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ട്  പുതിയ കാഴ്ചപ്പാടുകളും  കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി എഎപിഐ സെക്രട്ടറി ഡോ. സതീഷ് കാത്തുല വ്യക്തമാക്കി. AAPI യുടെ ട്രഷറർ ഡോ. കൃഷ്ണൻ കുമാർ,  ഡോ. ജോർജ്ജ് എം. എബ്രഹാമിന് ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യൻ കമ്മ്യൂണിറ്റിയുടെ  പൂർണ്ണമായ സഹകരണം വാഗ്ദാനം ചെയ്തു.

ഷ്രൂസ്ബറി നിവാസിയും മസാച്യുസെറ്റ്സ് മെഡിക്കൽ സ്കൂളിലെ മെഡിസിൻ പ്രൊഫസറായ  ഡോ. എബ്രഹാം  അടുത്തിടെ ACP- യുടെ ബോർഡ്  ഓഫ് ഗവർണർസിന്റെ   ചെയർമാനായും  തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ACP- യുടെ ഫെലോ ആയി അതിന് മുൻപ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. വ്യക്തിഗത സേവനവും വൈദ്യശാസ്ത്ര പരിശീലനത്തിനുള്ള സംഭാവനകളും പരിഗണിച്ച് നൽകുന്ന  ഓണററി പദവിയാണത്.  ഉഗാണ്ടയിൽ വച്ച്  എച്ച്ഐവി രോഗചികിത്സയിൽ  ലോകാരോഗ്യ സംഘടനയുമായി ചേർന്നും  സിംഗപ്പൂരിലെ സാംക്രമിക രോഗ കേന്ദ്രത്തിൽ ഐഡി ഫെലോയായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ,  മദർ തെരേസ, മിഷനറീസ് ഓഫ് ചാരിറ്റി എന്നിവരോടൊപ്പം സന്നദ്ധപ്രവർത്തനം നടത്തിയിട്ടുണ്ട്. ലൂസിയാനയിലേക്കും മെക്സിക്കോയിലേക്കും മെഡിക്കൽ മിഷൻ യാത്രകൾക്ക് നേതൃത്വം നൽകിയതും ശ്രദ്ധേയമാണ്.

ഇന്ത്യയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഡോ. എബ്രഹാം, ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് പൊതുജനാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ശേഷം ഇന്റെർണൽ  മെഡിസിൻ റെസിഡൻസിയും വോർസെസ്റ്ററിലെ സെന്റ് വിൻസെന്റ് ഹോസ്പിറ്റലിൽ ചീഫ് റെസിഡൻസിയും പൂർത്തിയാക്കി. തുടർന്ന് ജോൺസ് ഹോപ്കിൻസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്ന് എപ്പിഡെമിയോളജിയിൽ എംപിഎച്ച് നേടി. അമേരിക്കൻ ബോർഡ് ഓഫ് ഇന്റേണൽ മെഡിസിൻ, അമേരിക്കൻ ബോർഡ് ഓഫ് മെഡിക്കൽ സ്പെഷ്യാലിറ്റി ഇൻ ഇൻഫെക്ഷ്യസ് ഡിസീസ് എന്നിവയുടെ  സർട്ടിഫിക്കേഷനും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമേരിക്കൻ ബോർഡ് ഓഫ് ആംബുലേറ്ററി ആൻഡ് അർജന്റ് കെയർ മെഡിസിന്, അമേരിക്കൻ അസോസിയേഷൻ ഓഫ് മെഡിക്കൽ റിവ്യൂ ഓഫീസർസ് സർട്ടിഫിക്കറ്റും നേടിയിട്ടുണ്ട്. ഇന്റെർണൽ മെഡിസിനും പകർച്ചവ്യാധിയുമാണ് അദ്ദേഹം ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലകൾ.