സംസ്ഥാനത്ത് കോവിഡ് പിടിതരാതെ തുടരുമ്പോഴും ഓണം വിപണയിലെത്തിയത് ആയിരങ്ങള്‍. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടും ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ വസ്ത്രവ്യാപാരക്കടകളിലും പച്ചക്കറി ചന്തകളിലും പൂവില്‍പ്പന കേന്ദ്രങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

തിരുവനന്തപുരം കിഴക്കേക്കോട്ടയിലും എറണാകുളത്ത് ബ്രോഡ്‌വേ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും കോഴിക്കോട്ട് മിഠായിത്തെരുവിലും ഇന്നലെ വൈകിട്ട് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. കോഴിക്കോട്ടെ പ്രധാന വസ്ത്രവിപണന കേന്ദ്രമായ മിഠായിത്തെരുവ്, ഉത്രാടപ്പാച്ചില്‍ തിരക്ക് കുറയ്ക്കാനായി ഒരു ഘട്ടത്തില്‍ പൊലീസിന് അടച്ചിടേണ്ടി വന്നു.

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍- 2795, എറണാകുളം- 2707, കോഴിക്കോട്- 2705, മലപ്പുറം- 2611, പാലക്കാട് -1528, കൊല്ലം- 1478, ആലപ്പുഴ- 1135, കോട്ടയം- 1115, കണ്ണൂര്‍- 1034, തിരുവനന്തപുരം- 835, പത്തനംതിട്ട- 797, വയനാട്- 524, ഇടുക്കി- 520, കാസര്‍ഗോഡ്-440 എന്നിങ്ങനേയാണ് വിവിധ ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

16.94 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 19,205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണു വൈറസ് പിടിപെട്ടത്. 785 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമാണ് കേരളം.

അതേസമയം, തിരുവോണ ദിനമായ നാളെ സംസ്ഥാനത്ത് മദ്യവില്‍പ്പന ഇല്ല. ബിവറേജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകള്‍ തുറക്കില്ല. തിരക്ക് വര്‍ധിച്ചാല്‍ കോവിഡ് മാനദണ്ഡം ലംഘിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണിത്. ഓണത്തിരക്ക് കുറയ്ക്കനായി മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനസമയം നേരത്തെ വര്‍ധിപ്പിച്ചിരുന്നു. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് എട്ടുവരെ തുറക്കാനായിരുന്നു എക്‌സൈസ് കമ്മിഷണറുടെ ഉത്തരവ്.