ന്യൂഡല്‍ഹി: പെഗസസ് വിവരം ചോര്‍ത്തല്‍ അന്വേഷിക്കാന്‍ പശ്ചിമ ബംഗാള്‍ നിയമിച്ച ജുഡീഷ്യല്‍ കമീഷന് അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചാണ് ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയത്.
ജുഡീഷ്യല്‍ കമീഷന് രൂപവത്കരിച്ചതില്‍ പ്രതികരണം ആരാഞ്ഞ് കേന്ദ്ര സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിക്ങ് മന്ത്രാലയം, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. േഗ്ലാബല്‍ വില്ലേജ് ഫൗണ്ടേഷനാണ് ജുഡീഷ്യല്‍ കമീഷന് നിയമനം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
രാജ്യതലത്തില്‍ പെഗസസ് വിഷയത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ സംസ്ഥാനം പ്രത്യേക ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതില്ലെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. സൗരഭ് മിശ്ര വാദിച്ചു. ജുഡീഷ്യല്‍ അന്വേഷണം ഭരണഘടനാ വിരുദ്ധമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.
സുപ്രീംകോടതി മുന്‍ ജഡ്ജി മദന്‍ ബി. ലോകൂര്‍, കല്‍ക്കത്ത ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് ജ്യോതിര്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ജുഡീഷ്യല്‍ കമീഷനെയാണ് ബംഗാള്‍ സര്‍ക്കാര്‍ നിയോഗിച്ചത്.



