കാസർകോട് ജില്ലയിൽ ഓണക്കിറ്റിൽ വിതരണം ചെയ്ത ശർക്കരവരട്ടിയിൽ തട്ടിപ്പ്. തൃക്കരിപ്പൂർ മാണിയാട്ട് ഭാഗ്യധാര കുടുംബശ്രീയുടെ പേരിലാണ് ശർക്കരവരട്ടി ഓണ കിറ്റിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഈ കുടുംബശ്രീ അംഗങ്ങൾ ഇങ്ങനെ ഒരു കാര്യം അറിഞ്ഞിട്ടു പോലുമില്ല. സിപിഎമ്മിൽ സ്വാധീനമുള്ള വ്യക്തി കുടുംബശ്രീയുടെ പേരിൽ തട്ടിപ്പ് നടത്തുകയായിരുന്നു.
കാസർകോട് ജില്ലയിൽ വിതരണം ചെയ്ത ഓണക്കിറ്റിൽ ഭാഗ്യധാര കുടുംബശ്രീയുടെ ശർക്കരവരട്ടി എന്ന ലേബൽ ഉള്ള ശർക്കരവരട്ടി ആണ് വിതരണം ചെയ്തത്. ഓണക്കിറ്റ് വിതരണം തുടങ്ങിയതോടെയാണ് കുടുംബശ്രീ അംഗങ്ങൾ പോലും ഈ കാര്യങ്ങൾ അറിഞ്ഞത്. ഭരണതലത്തിൽ സ്വാധീനം ഉള്ളയാൾ കുടുംബശ്രീയുടെ പേരിൽ ശർക്കരവരട്ടി ഉണ്ടാക്കി ഓണക്കിറ്റ് വഴി വിൽപ്പന നടത്തുകയായിരുന്നു. തങ്ങളുടെ കുടുംബശ്രീയുടെ പേരിൽ തട്ടിപ്പ് നടത്തിയതിനെതിരെ കുടുംബശ്രീ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
കുടുംബശ്രീയുടെ രജിസ്ട്രേഷൻ നമ്പർ ആണ് ലേബലിൽ ഉള്ളത്. എന്നാൽ ബന്ധപ്പെടേണ്ട നമ്പർ നൽകിയിരിക്കുന്നത് സ്വകാര്യവ്യക്തിയുടെ മൊബൈൽ നമ്പർ. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഉൽപന്നമാണ് സർക്കാർ ഓണകിറ്റ് വഴി വിതരണം ചെയ്യുന്നത്. സിപിഎമ്മിലെ സംസ്ഥാന നേതാക്കളിൽ വരെ സ്വാധീനമുള്ള വ്യക്തിയാണ് കുടുംബശ്രീയുടെ പേരിൽ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് സ്ത്രീകളടക്കം പ്രതിഷേധത്തിലാണ്.



