കൊറോണ പ്രതിരോധ കുത്തിവെപ്പ് വേഗത്തിലാക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കി മദ്ധ്യപ്രദേശ് സർക്കാർ. 24 മണിക്കൂറും പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങളാണ് സർക്കാർ തയ്യാറാക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൂന്നാമത്തെ വാക്‌സിനേഷൻ കേന്ദ്രം ഇന്ന് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ആരോഗ്യമന്ത്രി വിശ്വാസ് സാരംഗാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. നേരത്തെ ഭോപ്പാലിലെ കഡ്ജു ആശുപത്രിയിലും റഷിദിയ സ്‌കൂളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിരുന്നു. ഇത് വിജയകരമായതോടെയാണ് നരേലയിലെ സർദാർ പട്ടേൽ സ്‌കൂളിൽ മൂന്നാമത്തെ കേന്ദ്രം ആരംഭിച്ചത്.

വാക്‌സിനേഷൻ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതിലൂടെ ജനങ്ങൾക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഏത് സമയത്തും വാക്സിൻ സ്വീകരിക്കാനാകുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വാക്സിനെടുക്കാൻ ഓൺലൈനായും നേരിട്ട് സെന്ററിലെത്തിയും രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം മധ്യപ്രദേശിൽ 3,66,86,401 ഡോസ് വാക്സിനാണ് ഇതുവരെ വിതരണം ചെയ്തത്.