വിശാഖപട്ടണം:പി വി സിന്ധു വിശാഖപട്ടണത്ത് ബാഡ്മിന്റൻ അക്കാദമി സ്ഥാപിക്കുന്നു. ആന്ധ്ര സർക്കാരിന്റെ സഹകരണത്തോടെയാണ് അക്കാദമി സ്ഥാപിക്കുകയെന്ന് സിന്ധു പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സിലെ വെങ്കല മെഡൽ നേട്ടത്തിനു ശേഷം തിരുമല ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ താരം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ബാഡ്മിന്റണിൽ ഭാവി താരങ്ങളെ വളർത്തിയെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം. കായിക രംഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് രാജ്യത്ത് താരങ്ങളുടെ വളർച്ചയ്‌ക്ക് തടസമാകുന്നത്. ഇത്തരം പ്രതിസന്ധികളെ നേരിടാൻ അക്കാദമി

സഹായകമാകുമെന്ന് വെങ്കല മെഡൽ ജേതാവ് വ്യക്തമാക്കി. ടോക്കിയോ ഒളിമ്പിക്‌സിൽ വെങ്കല മെഡൽ നേടിയ സിന്ധു രണ്ട് ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ഇന്ത്യയിലെ ആദ്യ വനിതാ താരമാണ്. 2016 റിയോ ഒളിമ്പിക്‌സിൽ വെളളി മെഡൽ നേടിയിരുന്നു. 2024ലെ പാരിസ് ഒളിമ്പിക്‌സിനുളള തയ്യാറെടുപ്പിലാണ് സിന്ധു. അടുത്ത ഒളിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാനാവുമെന്നും ബാഡ്മിന്റൻ താരം ആത്മവിശ്വാസം പ്രകടിപ്പിച്ചു.