വാഷിംഗ്ടണ്‍ : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ പിടിമുറുക്കുന്നതിനിടെ മൂവായിരത്തോളം അമേരിക്കന്‍ സൈനികരാണ് അഫ്ഗാനിലേക്ക് എത്തുന്നത്. അറുനൂറോളം ബ്രിട്ടീഷ് സൈനികര്‍ അഫ്ഗാനിലേക്ക് ഇതിനോടകം തിരിച്ചിട്ടുണ്ട്. അമേരിക്ക, ബ്രിട്ടീഷ് എംബസികളിലെ ഉദ്യോഗസ്ഥരേയും ഇരു രാജ്യങ്ങളിലേയും പൗരന്മാരേയും സുരക്ഷിതമായി തിരികെയെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് സൈന്യത്തെ അയച്ചത്.

താലിബാനെതിരെ അഫ്ഗാന്‍ സര്‍ക്കാരിന്റെ യുദ്ധത്തില്‍ പങ്കു ചേരാനല്ല പുതിയ സൈന്യത്തെ അയയ്‌ക്കുന്നതെന്ന് പെന്റഗണ്‍ ഔദ്യോഗിക വക്താവ് ജോണ്‍ കിര്‍ബി വ്യക്തമാക്കി. അഫ്ഗാനിലേക്ക് അയച്ച സൈനികരെ കൂടാതെ നാലായിരത്തോളം സൈനികരെ കുവൈറ്റിലെത്തിക്കാനും തീരുമാനമുണ്ട്. എന്തെങ്കിലും അടിയന്തിര ആവശ്യമുണ്ടായാല്‍ അഫ്ഗാനിലേക്ക് അയയ്‌ക്കാന്‍ വേണ്ടിയാണ് കരുതലായി ഇവരെ കുവൈറ്റിലെത്തിക്കുന്നത്.

അഫ്ഗാനിസ്ഥാന്‍ സര്‍ക്കാരിന് ഭീഷണിയാകുന്ന രീതിയില്‍ കാബൂളിലേക്ക് താലിബാന്‍ മുന്നേറിയതിനെ തുടര്‍ന്നാണ് സൈന്യത്തെ അയയ്‌ക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.എന്നാല്‍ അഫ്ഗാനില്‍ നിന്ന് സൈന്യത്തെ ഘട്ടം ഘട്ടമായി പിന്‍വലിച്ച അമേരിക്കയ്‌ക്ക് പുതുതായി വീണ്ടും സൈന്യത്തെ അയയ്‌ക്കേണ്ടി വന്നത് തിരിച്ചടിയായി.