അച്ഛനും മകളും പരസ്പരം സല്യൂട് നല്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കാഴ്ചക്കാരുടെ മനം കവരുന്നത്. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ITBP) ഇന്‍സ്പെക്ടറായ കമലേഷ് കുമാറിന്റെ മകള്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി ചേര്‍ന്നത് രണ്ട് ദിവസം മുന്‍പാണ്. അതിനോടനുബന്ധിച്ച് നടന്ന പാസിങ്ഔട് പരേഡില്‍ മകളായ ദീക്ഷയെ അഭിവാദ്യം ചെയ്യാന്‍ കൈ ഉയര്‍ത്തുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
അച്ഛന് സല്യൂട് നല്കുന്ന മകളും, അവള്‍ക്ക് തിരിച്ച് സല്യൂട് നല്കുന്ന അച്ഛനും. ഐടിബിപി 2016 -ല്‍ യുപിഎസ്സി പരീക്ഷകളിലൂടെയാണ് വനിതാ കോംബാറ്റ് ഓഫീസര്‍മാരെ തെരഞ്ഞെടുത്തത്. ‘മകളെ അഭിമാനത്തോടെ അഭിവാദ്യം ചെയ്യുന്നു. ഐടിബിപിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായി ദിക്ഷ ചേര്‍ന്നു. മുസൂരിയിലെ ഐടിബിപി അകാദമിയില് പാസിങ്ഔട് പരേഡ് കഴിഞ്ഞ് ഐടിബിപിയിലെ ഇന്‍സ്പെക്ടര്‍ കൂടിയായ അച്ഛന് കമലേഷ് കുമാര്‍ മകളെ സല്യൂട് ചെയ്യുന്നു’- ചടങ്ങിന്റെ ചിത്രങ്ങള്‍ ഔദ്യോഗിക ട്വിറ്ററില്‍ പങ്കിടുന്നതിനിടെ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എഴുതി.
ദീക്ഷക്കൊപ്പം മറ്റൊരു വനിതാ ഉദ്യോഗസ്ഥയായ പ്രകൃതിയും അസിസ്റ്റന്റ് കമാന്‍ഡന്റായി ചുമതലയേറ്റു. മറ്റ് 53 പേര്‍ക്കൊപ്പം ബിരുദം നേടിയ ഈ രണ്ട് സ്ത്രീകളും പര്‍വത യുദ്ധ സേനയില്‍ വിന്യസിക്കപ്പെട്ട ആദ്യ വനിതാ ഓഫീസര്‍മാരാണ്.
എന്നാല്‍ ഈ വിജയത്തിന്റെ മുഴുവന്‍ അംഗീകാരവും അച്ഛന് നല്‍കുന്നുവെന്നാണ് ദീക്ഷ. അച്ഛനാണ് തന്റെ പ്രചോദനമെന്ന് അവള് മാധ്യമങ്ങളോട് പറഞ്ഞു.



