ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം കെഞ്ചിര ഈ മാസം 17 ന് പ്രേക്ഷകരിലേക്ക്. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മിച്ചത്. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ആക്ഷന്‍ ഒടിടി വഴി റിലീസ് ചെയ്യുന്ന ആദ്യ ചിത്രം കൂടിയാകും ഇത്.
വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമാണ് കെഞ്ചിര. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവഗണനയും അടിച്ചമര്‍ത്തലുമാണ് ഇതിവൃത്തം. 2020 ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെഞ്ചിര മികച്ച ഭാഷാ ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മൂന്ന് കേരള സംസ്ഥാന പുരസ്‌കാരങ്ങളും നേടി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുക്കപ്പെട്ടു.
കാന്‍ ചലച്ചിത്രമേളയില്‍ സ്‌കീനിങ്ങിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമായതിന്റെ സാഹചര്യത്തില്‍ സ്‌ക്രീനിങ് നടന്നില്ല. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലും ഉള്‍പ്പെടെ വിവിധ മേളകളില്‍ കെഞ്ചിര പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടി. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ്, മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി. നായര്‍ക്കും വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് അശോകന്‍ ആലപ്പുഴയ്ക്ക് ലഭിച്ചതും കെഞ്ചിരയിലൂടെയായിരുന്നു.
പണിയ ഭാഷയില്‍ ആവിഷ്‌കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനം പേരും ആദിവാസികളായിരുന്നു. കേരളത്തിന്റെ പൊതുസമൂഹം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് കെഞ്ചിരയെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. ആദിവാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.
ആദിവാസികളായ വിനുഷ രവി, കെ വി ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്ണന്‍, കരുണന്‍, വിനു കുഴിഞ്ഞങ്ങാട്, കോലിയമ്മ എന്നിവരും നടന്‍ ജോയി മാത്യു, തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. കഥ, തിരക്കഥ, സംവിധാനം – മനോജ് കാന, നിര്‍മ്മാണം – നേര് കള്‍ച്ചറള്‍ സൊസൈറ്റി, മങ്ങാട്ട് ഫൗണ്ടേഷന്‍, ക്യാമറ-പ്രതാപ് പി നായര്‍, എഡിറ്റിങ് – മനോജ് കണ്ണോത്ത്, സംഗീതം, പശ്ചാത്തല സംഗീതം – ശ്രീവത്സന്‍ ജെ മേനോന്‍, ഗാനരചന- കുരീപ്പുഴ ശ്രീകുമാര്‍, ആലാപനം- മീനാക്ഷി ജയകുമാര്‍ .