ബാഴ്സലോണ : 21കൊല്ലമായി തന്റെ ജീവിതത്തിന്റെ ഭാഗമായ സ്പാനിഷ് ക്ളബ് ബാഴ്സലോണയോട് വൈകാരികമായി വിടപറഞ്ഞ് ലയണല്‍ മെസി. ക്ളബ് വിടുന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ഇന്നലെ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ മെസി പലതവണ പൊട്ടിക്കരഞ്ഞു. ഹൃദയം പറിച്ചുമാറ്റുന്ന വേദനയോടെയാണ് താന്‍ പന്തുതട്ടിവളര്‍ന്ന ബാഴ്സലോണയുടെ മൈതാനത്തുനിന്ന് പടിയിറങ്ങുന്നതെന്ന് പറഞ്ഞ മെസി ഒരുകൊല്ലം മുമ്പ്‌ ക്ളബ് വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ തുടരാന്‍ കൊതിച്ചിട്ടും അതിന് കഴിയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. പാരീസ് എസ്.ജിയാണ് അടുത്ത തട്ടകമെന്ന് സൂചനയുണ്ടെങ്കിലും വിടവാങ്ങല്‍ പ്രസംഗത്തില്‍ അത് വ്യക്തമാക്കാന്‍ മെസി തയ്യാറായില്ല.

മെസി ബാഴ്സലോണ വിടുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു. ജൂണ്‍ അവസാനത്തോടെ മെസിയും ബാഴ്സയും തമ്മിലുള്ള കരാര്‍ അവസാനിച്ചിരുന്നു. ക്ളബ് ഉടമകളുമായുണ്ടായിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ച്‌ നിലവിലുണ്ടായിരുന്നതിന്റെ പകുതി ശമ്പളത്തില്‍ പുതിയ കരാര്‍ ഒപ്പിടാന്‍ മെസി തയ്യാറായിരുന്നെങ്കിലും മെസിയുടെ കനത്ത ശമ്പളം സ്പാനിഷ് ലാ ലിഗ ചട്ടങ്ങള്‍ക്ക് അനുസൃതമാകാതെ വന്നു. ഇതോടെയാണ് മനസില്ലാമനസോടെ മെസിക്ക് പടിയിറങ്ങേണ്ടിവന്നത്. കഴിഞ്ഞ വര്‍ഷം ലാലിഗയ്ക്ക് ശേഷം മെസി ബാഴ്സ വിടാന്‍ വാശിപിടിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷംകൂടി കരാര്‍ നിലവിലുണ്ടായിരുന്നതിനാല്‍ വന്‍ തുക നഷ്ടപരിഹാരമായി വേണമെന്ന് ക്ളബ് ആവശ്യപ്പെട്ടതോടെ മെസി കടിച്ചുപിടിച്ചു തുടരുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പുതിയ പ്രസിഡന്റായി ലാ പോര്‍ട്ടെ തിരഞ്ഞെടുക്കപ്പെട്ടതോടെ മഞ്ഞുരുകുകയും മെസി ക്ളബില്‍ തുടരാന്‍ താത്പര്യപ്പെടുകയുമായിരുന്നു. എന്നാല്‍ പകുതിയാണെങ്കില്‍പ്പോലും മെസിക്ക് നല്‍കേണ്ട ഉയര്‍ന്ന ശമ്പളം ലാ ലിഗ ചട്ടങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ക്ളബിനും താരത്തിനും നിര്‍വാഹമില്ലാതെ വരികയായിരുന്നു.

വൈകാരികമായ പത്രസമ്മേളനത്തിനെത്തിയ മാദ്ധ്യമപ്രവര്‍ത്തകര്‍ മെസിക്ക് സ്റ്റാന്‍ഡിംഗ് ഒവേഷന്‍ നല്‍കിയിരുന്നു.മെസിയു‌ടെ കരച്ചില്‍ സഹതാരങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും കണ്ണീരണിയിച്ചു.

മെസി പറഞ്ഞത്…

കഴിഞ്ഞകൊല്ലം ബാഴ്സ വിടണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. അന്നത് നടന്നില്ല.ഇപ്പോള്‍ സത്യമായും പറയട്ടേ, ഇവിടം വിടാന്‍ ഞാന്‍ ഒട്ടും ആഗ്രഹിക്കുന്നില്ല.പക്ഷേ തുടരാന്‍ വിധി അനുവദിക്കുന്നില്ല.

മാര്‍ച്ചില്‍ പ്രസിഡന്റായി ലാ പോര്‍ട്ടെ തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ ചര്‍ച്ചയില്‍ ഇവിടം വിട്ടുപോകില്ലെന്ന് ഞാന്‍ ഉറപ്പുനല്‍കിയിരുന്നു. എന്റെ കരാറായിരുന്നില്ല പ്രശ്നം. പകുതി ശമ്പളം കുറച്ച്‌ ഇവിടെ തുടരാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷേ ലാലിഗ ചട്ടങ്ങള്‍ അതിനും എതിരുനില്‍ക്കുമ്ബോള്‍ എന്തുചെയ്യാനാണ്. ഈ കുപ്പായം വീണ്ടുമണിയാന്‍ ഞാന്‍ കഴിവിന്റെ പരമാവധി ശ്രമിച്ചതാണ്.പക്ഷേ…

എല്ലാവരോടും മനുഷ്യത്വത്തോടും ബഹുമാനത്തോടും പെരുമാറാനാണ് ബാഴ്സ എന്നെ പഠിപ്പിച്ചത്. ഇനി എവിടെപ്പോയാലും ആ ശീലം തുടരുകതന്നെ ചെയ്യും. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം കളി തുടരണമെന്നുതന്നെയാണ് ആഗ്രഹം.

ഇനി പാരീസിലേക്ക്

മെസി ഒന്നും പറഞ്ഞില്ലെങ്കിലും ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിലേക്കാണ് പോകുന്നതെന്ന് സ്പനാഷ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ബാഴ്സയില്‍ മുമ്ബ് മെസിക്കൊപ്പമുണ്ടായിരുന്ന ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറും അര്‍ജന്റീനാ ടീമിലെ സഹതാരം ഏന്‍ജല്‍ ഡി മരിയയും പാരീസ് എസ്.ജിയിലാണ് കളിക്കുന്നത്. ഇന്ന് മെസി പാരീസിലെത്തി മെഡിക്കല്‍ ടെസ്റ്റിന് വിധേയനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

13-ാം വയസില്‍ അര്‍ജന്റീനയില്‍ നിന്ന് മെസിയെയും കുടംബത്തെയും ബാഴ്സലോണ ഒപ്പം കൂട്ടിയതാണ്.മെസിയുടെ വളര്‍ച്ചാഹോര്‍മോണ്‍ പ്രശ്നത്തിന് വിദഗ്ധചികിത്സ നല്‍കിയതും പ്രൊഫഷണല്‍ ലീഗില്‍ കളിക്കാനുള്ള പ്രായമായപ്പോള്‍ കരിയര്‍ അതനുസരിച്ച്‌ പ്ളാന്‍ ചെയ്തതും കുഞ്ഞുമെസിയിലെ പ്രതിഭയുടെ പെരുമ മനസിലാക്കിയാണ്.

21 വര്‍ഷങ്ങളാണ് മെസി ബാഴ്സയില്‍ ചെലവിട്ടത്.2000ത്തിലാണ് ബാഴ്സയിലെത്തിയത്. 2003ല്‍ സി ടീമില്‍ അരങ്ങേറ്റം.2004ല്‍ ബി ടീമിലും സീനിയര്‍ ടീമിലും.

672 ഗോളുകളുമായി ബാഴ്സലോണയുടെ ആള്‍ടൈം ഗോള്‍സ്കോററാണ് മെസി. 17 സീസണുകളിലാണ് മെസി ലാലിഗയില്‍ കളിച്ചത്.

35 കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.