തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ വാക്‌സിനേഷന്‍ യജ്ഞം ഇന്ന് ആരംഭിക്കും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്കും വാക്സിനേഷന്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ യജ്ഞം ആരംഭിക്കുന്നത്. സംസ്ഥാനത്തെ പല ജില്ലകളിലും വാക്‌സിന്‍ ലഭിക്കുന്നില്ല എന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരുങ്ങുന്നത്.

സര്‍ക്കാര്‍ മേഖലകളിലൂടെയും സ്വകാര്യ ആശുപത്രികളിലൂടെയും ഓഗസ്റ്റ് 9-31 വരെ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്സിനുകള്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു. ഇത് കൂടാതെ വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതു സംഘടനകള്‍ക്കും ആശുപത്രികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്ക് വാക്സിനേഷന്‍ നടത്താനും സര്‍ക്കാര്‍ അനുമതി നല്‍കി.

തിരുവനന്തപുരം കോഴിക്കോട് ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ഇല്ല. തൃശൂര്‍ വയനാട് പാലക്കാട് ജില്ലകളില്‍ ഇന്നലെ തന്നെ വാക്‌സിനേഷന്‍ നിലച്ചു. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള വാക്‌സിന്‍ ഉപയോഗിച്ച്‌ യജ്ഞം ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.