വാഷിങ്ടൻ ഡിസി ∙ അമേരിക്കയിലെ വിദ്യാർഥികൾ അവരുടെ തുടർപഠനത്തിനാവശ്യമായ സ്റ്റുഡന്റ് ലോൺ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ജനുവരി 30 വരെ തൽക്കാലം തിരിച്ചടയ്ക്കേണ്ടന്ന് ബൈഡൻ ഭരണകൂടം തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ഈ ഉത്തരവ് താൽക്കാലിക ആശ്വാസമാണ്. അമേരിക്കയിലെ 42 മില്യൺ വിദ്യാർഥികൾ 2022 ഫെബ്രുവരിയിൽ മാത്രം ലോൺ പെയ്മെന്റ് തിരിച്ചടച്ചാൽ മതിയാകുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
ഭൂരിപക്ഷം വിദ്യാർഥികളും അവരുടെ ലോൺ തിരിച്ചടക്കുന്നതിന് തയാറായിട്ടില്ലെന്ന് പ്യു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ സർവ്വേ ചൂണ്ടികാണിക്കുന്നു. കോവിഡ് പ്രതിസന്ധിയാണ് ലോൺ തിരിച്ചടക്കുന്നതിൽ നിന്നും വിദ്യാർഥികളെ പിൻതിരിപ്പിച്ചത്. 2020 മാർച്ച് മുതലാണ് ലോൺ തിരിച്ചടക്കുന്നതിൽ നിന്നും വിദ്യാർഥികളെ ഒഴിവാക്കിയിരുന്നത്. അതേസമയം, അവർ എടുത്ത ലോണിന് കൂട്ടുപലിശ ഉണ്ടായിരിക്കുകയില്ലെന്നും പഴയ ഉത്തരവിൽ ചൂണ്ടികാണിച്ചിരുന്നു.
ഡമോക്രാറ്റിക് പാർട്ടിയിൽ നിന്നും പ്രത്യേകിച്ചു ബെർണി സാന്റേഴ്സ് ഉൾപ്പെടെയുള്ള നിരവധി സെനറ്റർമാർ വിദ്യാർഥികളുടെ ലോണിനു മൊറൊട്ടോറിയം പ്രഖ്യാപിക്കുമെന്ന ശക്തമായ സമ്മർദം ബൈഡനു മേൽ ചുമത്തിയിരുന്നു. ജനുവരി വരെ നീട്ടിയത് അവസാന അവസരമാണെന്നും ഇനി അവധി നീട്ടി കൊടുക്കുവാനാകില്ലെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. 1.7 ട്രില്യൺ ഡോളറാണ് അമേരിക്കൻ ഖജനാവിൽ നിന്നും സ്റ്റുഡന്റ് ലോണായി ഇതുവരെ നൽകിയിരിക്കുന്നത്.



