ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 278 റൺസിനു മറുപടിയായി രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് മഴ മൂലം മൂന്നാം ദിനം നേരത്തെ കളി അവസാനിപ്പിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 25 റൺസെടുത്തിട്ടുണ്ട്. ഡോമിനിക് സിബ്ലി (9), റോറി ബേൺസ് (11) എന്നിവരാണ് ക്രീസിൽ.
രണ്ടാം ദിനമായ ഇന്നലെ മഴ പെയ്തതിനെ തുടർന്ന് പാതിവഴിയിൽ കളി നിർത്തിവെക്കേണ്ടിവന്നപ്പോൾ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് ആയിരുന്നു നേടിയിരിക്കുന്നത്. മൂന്നാം ദിനത്തിൻ്റെ തുടക്കത്തിൽ തന്നെ ആക്രമിച്ചുകളിച്ച ഋഷഭ് പന്ത് 20 പന്തിൽ 25 റൺസെടുത്ത് പുറത്തായി. പന്തിനെ ഒലി റോബിൻസൺ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു. പന്ത് പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ജഡേജ രാഹുലിന് ഉറച്ച പിന്തുണ നൽകി. സന്നാഹ മത്സരത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാന്മാർ ആ ഫോം തുടർന്നപ്പോൾ ഇംഗ്ലണ്ട് വിയർത്തു. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട ഇരുവരും ഇന്ത്യക്ക് ഒടുവിൽ ലീഡും സമ്മാനിച്ചു. ഉച്ചഭക്ഷണത്തിനു ശേഷം മികച്ച രീതിയിൽ ബാറ്റ് ചെയ്തിരുന്ന രാഹുലിനെ (84) ആൻഡേഴ്സൺ പുറത്താക്കി. 60 റൺസാണ് ജഡേജയും രാഹുലും ചേർന്ന് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ശർദ്ദുൽ താക്കൂർ (0) വേഗം പുറത്തായി. ആൻഡേഴ്സണായിരുന്നു വിക്കറ്റ്. ഇന്ത്യൻ ബാറ്റിംഗ് വാലറ്റത്തിലേക്കെത്തിയതോടെ സ്കോറിംഗ് ഉത്തരവാദിത്തം ഏറ്റെടുത്ത ജഡേജ ചില കൂറ്റൻ ഷോട്ടുകളുതിർത്ത് ഫിഫ്റ്റിയടിച്ചെങ്കിലും ഏറെ വൈകാതെ ഒലി റോബിൻസണിൻ്റെ പന്തിൽ സ്റ്റുവർട്ട് ബ്രോഡ് പിടിച്ച് പുറത്തായി. മുഹമ്മദ് ഷമി റോബിൻസണിൻ്റെ പന്തിൽ കീഴടങ്ങി. അവസാന വിക്കറ്റിൽ 33 റൺസിൻ്റെ തകർപ്പൻ കൂട്ടുകെട്ടുയർത്തിയ സിറാജ്-ബുംറ സഖ്യം ഇന്ത്യയുടെ ലീഡ് നൂറിനരികെ എത്തിക്കുകയായിരുന്നു.



