ദില്ലി:ടോക്കിയോ ഒളിംപിക്സില്‍ പുരുഷ ഹോക്കിയില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍. രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി അനുരാഗ് താക്കൂര്‍ തുടങ്ങി നിരവധി പ്രമുഖരാണ് ടീമിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്. 4 പതിറ്റാണ്ടിന് ശേഷമാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്സ് മെഡല്‍ സ്വന്തമാക്കുന്നത്.

’41 വര്‍ഷങ്ങള്‍ക്ക് ശേഷം ഹോക്കിയില്‍ ഒളിമ്ബിക് മെഡല്‍ നേടിയ നമ്മുടെ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍. സമാനതകളില്ലാത്ത പോരാട്ടമാണ് ടീം കാഴ്ചവച്ചത്. ഈ ചരിത്ര വിജയം ഹോക്കിയില്‍ ഒരു പുതിയ യുഗം ആരംഭിക്കുകയും കായികരംഗത്ത് മികവ് പുലര്‍ത്താന്‍ യുവാക്കളെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും രാഷ്‌ട്രപതി പറഞ്ഞു.

‘വിജയം ചരിത്രപരമാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചത്. ഓരോ ഇന്ത്യക്കാരന്റെയും ഓര്‍മ്മയില്‍ കൊത്തിവയ്‌ക്കേണ്ട ദിനമാണ് ഇന്ന്. രാജ്യത്തിന് വെങ്കല മെഡല്‍ സമ്മാനിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. ഉജ്ജ്വല വിജയത്തിലൂടെ മുഴുവന്‍ ഇന്ത്യക്കാരുടെയും, പ്രത്യേകിച്ച്‌ യുവാക്കളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു. ഹോക്കി ടീമിനെ ഓര്‍ത്ത് ഈ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഈ നേട്ടം രാജ്യത്തിനാകെ അഭിമാനകരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രതികരണം. നമ്മുടെ ആണ്‍കുട്ടികള്‍ പുതുചരിത്രം രചിച്ചിരിക്കുകയാണെന്ന് കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറും പ്രതികരിച്ചു. നിങ്ങളെക്കുറിച്ച്‌ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുകയാണെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞു.എന്തായാലും ഇന്ത്യന്‍ ഹോക്കി ടീമിന് രാജ്യത്തെല്ലായിടത്ത് നിന്നും അഭിനന്ദനവും പ്രശംസകളും കൊണ്ട് നിറയുകയാണ്. പഞ്ചാബ് സര്‍ക്കാര്‍ ഒരുകോടി വീതം ടീമംഗങ്ങള്‍ക്ക് നല്കുമെന്നറിയിച്ചിട്ടുണ്ട്.