കാലാവധി കഴിയാത്ത താമസവീസയുളള യുഎഇ അംഗീകരിച്ച വാക്സിനെടുത്തവര്‍ക്ക് രാജ്യത്തേക്ക് തിരികെയെത്താമെന്ന് യുഎഇ. കോവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ ഇന്ത്യയില്‍ നിന്നടക്കമുള്ള താമസ വീസക്കാര്‍ക്കാണ് ഈ മാസം 5 മുതല്‍ യുഎഇയിലേയ്ക്ക് മടങ്ങിവരാനുള്ള അര്‍ഹത. പുതിയ നിയമം ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കാണ് ഗുണകരമാകുക.
യുഎഇ ദേശീയ ദുരന്ത നിവാരണ സമിതിയാണ് യാത്ര നിരോധനത്തില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ കൂടാതെ, പാക്കിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും.
യുഎഇ അംഗീകരിച്ച ഏതെങ്കിലും ഒരു കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചവര്‍ക്കാണ് നിലവില്‍ പ്രവേശനാനുമതി ഉള്ളത്. ഫൈസര്‍ ബയോഎന്‍ടെക്, ഓക്സ്ഫഡ് ആസ്ട്രസെനിക അല്ലെങ്കില്‍ കോവിഷീല്‍ഡ്, സിനോഫാം, സ്പുട്നിക്, മോഡേണ എന്നിവയാണ് യുഎഇ അംഗീകരിച്ചിട്ടുള്ള വാക്സിനുകള്‍.
ആരോഗ്യ മേഖലയിലെ ഡോക്ട്ടര്‍ ,നഴ്സ്,ടെക്നിഷ്യന്‍ തുടങ്ങിയ ജോലികളില്‍ ഉള്ളവര്‍ , യൂണിവേഴ്സിറ്റി , കോളജ് , സ്കൂള്‍ എന്നിവയടക്കം വിദ്യാഭ്യാസ മേഖലയിലുള്ളവര്‍ . യു എ ഇ യില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ , മാനുഷിക പരിഗണനായര്‍ഹിക്കുന്ന വീസ കാലാവധിയുള്ളവര്‍ , ഫെഡറല്‍ , പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യു എ ഇ യില്‍ തിരികെ എത്തി ചികിത്സ പൂര്‍ത്തിയാക്കേണ്ട സാഹചര്യത്തില്‍ ഉള്ളവര്‍ എന്നിവര്‍ക്ക് വാക്സിന് എടുത്തിട്ടില്ലെങ്കിലും മടങ്ങി വരുന്നതിനു അനുമതി നല്‍കിയിട്ടുണ്ട്.
തിരികെ വരുന്നവര്‍ ഐസിഎ അനുമതി തേടിയിരിക്കണം. വാക്സിന് എടുത്തവര്‍ സര്‍ട്ടിഫിക്കറ്റ് കരുതണം . 48 മണിക്കൂര്‍ മുന്‍പ് എടുത്ത പി സി ആര് പരിശോധന ഫലം , വിമാനത്താവളത്തില്‍ നിന്നും എടുത്ത റാപിഡ് പരിശോധന ഫലം എന്നിവ ആവശ്യമാണ്. യു എ ഇ യിലെത്തിയാല്‍ പി സി ആര് പരിശോധന എടുക്കും. തുടര്‍ന്ന് ക്വാറന്റൈനില്‍ പ്രവേശിക്കണം. എന്നാല്‍ എത്ര ദിവസം ക്വാറന്റൈന് എന്ന് വ്യക്തമാക്കിയിട്ടില്ല.



