വിവാഹത്തിന് അനുമതി നൽകണമെന്ന കൊട്ടിയൂർ പീഡനക്കസ് പ്രതി റോബിൻ വടക്കുംചേരിയുടെയും, പീഡനത്തിനിരയായ പെൺക്കുട്ടിയുടെയും ഹർജികൾ തള്ളി സുപ്രിംകോടതി. റോബിൻ വടക്കുംചേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു.
വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് വിനീത് ശരൺ, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതിക്കും ഇരയ്ക്കും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു.
ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന് വടക്കുംചേരി സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഹര്‍ജിയില്‍ പെണ്‍കുട്ടിയും ആവശ്യപ്പെട്ടിരുന്നു. ഈ രണ്ട് ഹർജികളുമാണ് കോടതി ഇന്ന് തള്ളിയത്.
കേസില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനാണെന്ന തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു ജാമ്യാപേക്ഷ ആദ്യം കോടതി തള്ളിയത്.



