ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോഴും കേരളത്തില്‍ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്താനായിട്ടില്ലെന്ന് സി.എസ്.ഐ.ആര് പഠനസംഘത്തിന്റെ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് പിന്നില്‍ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന സംശയങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
കേരളത്തിലെ ഉയര്‍ന്ന കോവിഡ് വ്യാപനത്തിന് പിന്നില്‍ വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ സംശയം പ്രകടിപ്പിച്ചിരുന്നു. ആദ്യമായി ഇന്ത്യയില്‍ കണ്ടെത്തുകയും പിന്നീട് മറ്റുരാജ്യങ്ങളിലുള്‍പ്പെടെ വ്യാപിക്കുകയും ചെയ്ത കോവിഡ് ഡെല്‍റ്റ വകഭേദം തന്നെയാണ് കേരളത്തിലും കാണുന്നതെന്ന് സി.എസ്.ഐ.ആറിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്.
കേരളത്തിലെ 14 ജില്ലകളില്‍നിന്നായി ജൂണിലും ജൂലായ് മാസങ്ങളില്‍ 835 സാംപിളുകള്‍ പരിശോധിച്ചതില്‍ 753-ഉം ഡെല്‍റ്റ (ബി.1.617.2) വകഭേദമാണെന്നും നേരത്തേ കണ്ടെത്തിയിട്ടുള്ള വകഭേദങ്ങളാണ് മറ്റുള്ളവയെന്നും പഠനത്തില്‍ വ്യക്തമായി. പെറു, ചിലി എന്നിവിടങ്ങളില്‍ കണ്ടെത്തിയ സി.37 യു.എസില്‍ കണ്ടെത്തിയ എ.വൈ.3 എന്നീ ആശങ്കയുണ്ടാക്കുന്ന പുതിയ വകഭേദങ്ങള്‍ ഡെല്റ്റയെക്കാള് വ്യാപനശേഷി കൂടിയതാണോ എന്ന താരതമ്യം എളുപ്പമല്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.



