കൊവിഡ് 19 മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ പരമാവധി പേര്‍ക്ക് നല്‍കി പ്രതിരോധം തീര്‍ക്കാന്‍ ആരോഗ്യ വകുപ്പ് സുസജ്ജമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കേരള ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക് രോഗസാധ്യത നിലനില്‍ക്കുകയാണ്. മാത്രമല്ല അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യവുമുണ്ട്. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. ഓക്‌സിജന്‍ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താന്‍ പ്രത്യേക അവലോകന യോഗം ചേര്‍ന്നു. രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഓക്‌സിജന്‍ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഓഗസ്റ്റ് മാസത്തില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കി.