ഡോ. ജോര്‍ജ് എം. കാക്കനാടന്‍

ഫ്‌ളോറിഡ: മയാമിയിലെ കെട്ടിടദുരന്തത്തിന്റെ ഭീതിയില്‍ നിന്നും മുക്തരാകും മുന്നേ വലിയൊരു അപകടവാര്‍ത്ത വന്നത് ടെക്‌സസിലെ സ്പ്രിങ്‌സില്‍ നിന്നും. രാസമാലിന്യം ശ്വസിച്ച് നിരവധി പേര്‍ ആശുപത്രിയിലായി. ആരുടെയും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആശുപത്രിയിലായ രണ്ടു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കു ശേഷം തുറന്ന വാട്ടര്‍ പാര്‍ക്കിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു അപകടമുണ്ടായത്. വെള്ളത്തിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്ന സംവിധാനത്തിലെ പാളിച്ചയാണ് ദുരന്തത്തിനു വഴി വെച്ചതെന്നാണ് പ്രാഥമിക സൂചന. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകാതെ ഒന്നും പറയാനാവില്ലെന്നാണ് പോലീസ് പറയുന്നത്.

വെള്ളം ശുദ്ധീകരിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന സള്‍ഫൂരിക്ക് ആസിഡ് ടാങ്കറിലെ ലീക്കാണ് സംഭവമെന്നു സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തൊലിപ്പുറത്ത് ചൊറിച്ചില്‍, ശ്വാസതടസം, മറ്റ് അസ്വസ്ഥതകള്‍ എന്നിവയെത്തുടര്‍ന്നാണ് എല്ലാവരെയും ആശുപത്രിയിലാക്കിയത്. പാര്‍ക്കിലെ ജീവനക്കാര്‍ക്കും സമാന അനുഭവം ഉണ്ടായി. സിക്‌സ് ഫഌഗ്‌സ് ഹറിക്കെയ്ന്‍ ഹാര്‍ബര്‍ സ്പ്ലാഷ് ടൗണ്‍ എന്ന വാട്ടര്‍ പാര്‍ക്കിലാണ് സംഭവമുണ്ടായത്.

ശനിയാഴ്ച ഉച്ചയ്ക്ക് ഇരുപത്തിയാറ് പേരെ ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് അധികൃതര്‍ എത്തി പാര്‍ക്ക് അടപ്പിച്ചിരുന്നു. സമീപ സ്ഥലങ്ങളിലുള്ളവരോടും ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാള്‍ ശനിയാഴ്ച വൈകുന്നേരത്തോടെ ഗുരുതരാവസ്ഥയിലാണെന്ന് ഹാരിസ് കൗണ്ടി ഫയര്‍ മാര്‍ഷല്‍ ഓഫീസ് വക്താവ് റേച്ചല്‍ ന്യൂറ്റ്‌സ്‌ലര്‍ പറഞ്ഞു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അധികൃതര്‍ പാര്‍ക്ക് ഒഴിപ്പിച്ചത്. പിഎച്ച് ബാലന്‍സ് നിലനിര്‍ത്താന്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ എക്‌സ്‌പോഷര്‍ ചെയ്തിടത്ത് വന്ന വീഴ്ചയാണ് പ്രശ്‌നത്തിനു കാരണം. എന്നാലിത് മനഃപൂര്‍വമായ ഒരു പ്രവൃത്തിയുടെ ഫലമാണെന്ന് അന്വേഷകര്‍ വിശ്വസിക്കുന്നില്ലെന്ന് ന്യൂറ്റ്സ്ലര്‍ പറഞ്ഞു. കുട്ടികളുടെ കുളത്തിലാണ് ഇത് സംഭവിച്ചത്. ഇവിടെ ആഴം കുറവായിരുന്നു. വെള്ളത്തില്‍ കുട്ടികളൊന്നും ഇറങ്ങിയിരുന്നില്ല. എന്നാല്‍ മറ്റിടത്തേക്കും രാസമാലിന്യം പടര്‍ന്നിട്ടുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് മറ്റു കുളങ്ങളിലേക്കുള്ള പ്രവേശം അടിയന്തിരമായി നിരോധിക്കുകയും പാര്‍ക്ക് പൂട്ടുകയുമായിരുന്നു.

35 ശതമാനം സള്‍ഫ്യൂറിക് ആസിഡും 10 മുതല്‍ 13 ശതമാനം ബ്ലീച്ചും ചേര്‍ന്നതാണ് ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ചീഫ് സീഫെര്‍ട്ട് പറഞ്ഞു. രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 39 പേര്‍ക്ക് പ്രാഥമിക ചികിത്സ മാത്രമാണ് നല്‍കിയത്. പിഎച്ച് ബാലന്‍സ് 7 നിലനിര്‍ത്താന്‍ പാര്‍ക്കിലെ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ത്തുന്ന ഒരു സംവിധാനം ഇത്തരം വാട്ടര്‍പാര്‍ക്കുകളില്‍ എല്ലായിടത്തും ഉള്ളതാണ്. എന്നാല്‍ അശാസ്ത്രീയമായ രീതിയില്‍ ഇവിടെ കാര്യങ്ങള്‍ ഉപയോഗിച്ചുവോയെന്നു പരിശോധിച്ചുവരികയാണ്. അധികാരികള്‍ എത്തിയപ്പോള്‍ വെള്ളം പരീക്ഷിച്ചു, പിഎച്ച് ബാലന്‍സ് 7 ആണെന്ന് കണ്ടെത്തിയതായി ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാല്‍ഗോ പറഞ്ഞു. കുളങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും സന്തുലിതമായ പി.എച്ച് നിലനിര്‍ത്തുന്നതിനും ബ്ലീച്ച്, സള്‍ഫ്യൂറിക് ആസിഡ് എന്നിവ ഉപയോഗിച്ചുവെന്ന് ന്യൂട്ട്സ്ലര്‍ പറഞ്ഞു, എന്നാല്‍ ‘ഈ രാസവസ്തുക്കള്‍ കുളത്തില്‍ കുത്തിവച്ച സംവിധാനത്തെക്കുറിച്ച് അന്വേഷകര്‍ അന്വേഷിക്കുന്നുണ്ട്, പക്ഷേ ഒരു തകരാറുണ്ടോ ഇല്ലയോ എന്നത് ഇപ്പോഴും അന്വേഷണത്തിലാണ്. ‘
‘ഇവ സാധാരണ രാസവസ്തുക്കളാണ്, ഈ സംവിധാനങ്ങളില്‍ എല്ലാ ദിവസവും ഉപയോഗിക്കുന്നതും ഇതാണ്. എന്നാല്‍ ഇത് അപകടകരമായത് എന്തുകൊണ്ടാണെന്ന് അറിയില്ല. വളരെയധികം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. അത് വായുവില്‍ പടരാനിടയായ സാഹചര്യമാണ് പരിശോധിക്കുന്നത്. എന്തെങ്കിലും ഒരു തകരാറുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.’

 

അവസാനമായി കഴിഞ്ഞ ജൂണ്‍ 29 നാണ് ലൈഫ് സേഫ്റ്റി ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന ഇന്‍സ്‌പെക്ഷന്‍ നടത്തിയതെന്നും ഏപ്രിലില്‍ പൂര്‍ണ്ണമായ ആരോഗ്യ ചട്ടങ്ങള്‍ പാലിച്ചതായും പാര്‍ക്ക് അവസാനമായി പരിശോധിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്ക് വീണ്ടും തുറക്കുന്നതിന് മുമ്പ് എല്ലാം ഒരിക്കല്‍ കൂടി അന്വേഷിച്ച് പാര്‍ക്ക് എല്ലാ ആവശ്യകതകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ക്ലോസിങ് ഉത്തരവ് പുറപ്പെടുവിച്ചു. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പാര്‍ക്ക് അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം പാര്‍ക്ക് പതിവായി പിഎച്ച് അളവ് രേഖപ്പെടുത്തണമായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ഹിഡാല്‍ഗോ പറഞ്ഞു, എന്നാല്‍ അത്തരമൊരു ലോഗ് നിലവിലില്ല അല്ലെങ്കില്‍ കണ്ടെത്തിയില്ലെന്നു പോലീസ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട പാര്‍ക്ക് നടത്തുന്ന കമ്പനി പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. ‘അതിഥികളുടെയും ടീം അംഗങ്ങളുടെയും സുരക്ഷ എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ്, എന്താണ് സംഭവിച്ചതെന്ന അന്വേഷണം തുടരുകയാണ്. വളരെയധികം ജാഗ്രതയോടെ, പാര്‍ക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അടച്ചിരിക്കുന്നു,’ കമ്പനി പറഞ്ഞു.