ഈ വര്‍ഷത്തെ എസ്​എസ്​എല്‍സി ഫലം​ പുറത്തുവന്നതോടെ ഫുള്‍ എ പ്ലസിനെ കുറിച്ചായിരുന്നു എല്ലാവരും സംസാരിച്ചത്. ഫുള്‍ എ പ്ലസുകാരുടെ എണ്ണം കൂടിയപ്പോള്‍ അത്​ നേടാനാകാതെ പോയവര്‍ നിരവധി. എ പ്ലസുകളുടെ എണ്ണം കുറഞ്ഞതിലും തോറ്റതിലുമൊക്കെ വിഷമിച്ച്‌​ കഴിയുന്നവരെ ആശ്വസിപ്പിച്ചുകൊണ്ട്​ ഒട്ടേറെ കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നത്. എസ്​ എസ്​ എല്‍ സിക്ക്​ തോറ്റവര്‍ക്ക്​ കൊടൈക്കനാലിലേക്ക്​ സൗജന്യ വിനോദയാത്ര അടക്കമുള്ള ഓഫറുകള്‍ വന്നതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ഇതാ എസ്​എസ്​എല്‍സിക്ക്​ മികച്ച വിജയം കൈവരിച്ചില്ല എന്ന്​ വിഷമിച്ചിരിക്കുന്നവര്‍ക്ക്​ ഒന്നാന്തരമൊരു ‘മോട്ടിവേഷന്‍’ ആകുകയാണ്​ ജിയോ ക്രിസ്റ്റി ഈപ്പന്റെ ഫേസ്​ബുക്ക്​ പോസ്റ്റ്​. പത്താം ക്ലാസില്‍ തേര്‍ഡ്​ ക്ലാസ്​ ആയിരുന്ന താന്‍ ജീവിതത്തില്‍ പിന്നിട്ട വിജയവഴികളാണ്​ ഇപ്പോള്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ അക്വാകള്‍ച്ചറിന്‍റെ മറൈന്‍ ഫിന്‍ഫിഷ് ഹാച്ചറി പ്രൊജക്ടിന്‍റെ പ്രോജക്റ്റ് ഇന്‍ ചാര്‍ജ് ആയ ജിയോ പങ്കുവെക്കുന്നത്​. കമ്ബ്യൂട്ടര്‍ അറിയാത്തതിന്​ ടീച്ചര്‍ കളിയാക്കി വിട്ട താന്‍ പുസ്​തകം നോക്കി എം എസ്​ ഓഫിസ്​ പഠിച്ച്‌​, ആ ടീച്ചറിന്‍റെയടക്കം റെ​ക്കോര്‍ഡ്​ ബുക്കിന്‍റെ ഫ്രണ്ട്​ പേജ്​ ഡിസൈന്‍ ചെയ്​തതും എറണാകുളത്ത് പൊരിവെയിലത്തും ടൈയും കെട്ടി പുസ്തകം വിറ്റ് നടന്ന് ഇംഗ്ലീഷ് പറയാന്‍ പഠിച്ചതും പിഎസ് സിയുടെ സുവോളജി കോളജ് അധ്യാപക പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍ കയറിപ്പറ്റിയതുമൊക്കെ ജിയോ വിവരിക്കുന്നുണ്ട്