ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്ന 86 ശതമാനം പേരേയും ബാധിക്കുന്നത് ഡെല്‍റ്റ വകഭേദമാണെന്ന് ഐസിഎംആര്‍. അതേസമയം വാക്സിനുകള്‍ കൊവിഡിന്റെ പുതിയ വകഭേദങ്ങളെ ചെറുക്കില്ല എന്ന വാദത്തിന് തെളിവില്ലെന്നും ഐസിഎംആര്‍ അറിയിച്ചു.
വാക്സിന്‍ എടുത്തവരില്‍ കൊവിഡ് സ്ഥിരീകരിച്ചാലും ഗുരുതരമാകാനുള്ള സാധ്യത കുറവെന്ന് ഐസിഎംആര്‍ പഠനത്തില്‍ കണ്ടെത്തി. 17 സംസ്ഥാനങ്ങളില്‍ നിന്ന് ശേഖരിച്ച 677 സാമ്ബിളുകളില്‍ ആണ് പഠനം നടത്തിയത്.
മൂന്നാം തരംഗത്തിന്‍റെ മുന്നറിയിപ്പുകള്‍ക്കിടെ രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കില്‍ നേരിയ വര്‍ധനവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനമാണ്. കൊവിഡ് വ്യാപനത്തിന്‍റെ സൂചിക വീണ്ടും ഉയര്‍ന്ന് ഒരു ശതമാനത്തിലെത്തി. നേരത്തെ ഇത് ഒരു ശതമാനത്തിന് താഴെയെത്തിയിരുന്നു.
അതേസമയം, കുട്ടികളിലെ വാക്സിനേഷനുള്ള മാനദണ്ഡങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വാക്സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലാണ്.



