വാഷിംഗ്ടണ്‍: ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം ഭൂമിയില്‍ വന്‍ പ്രളയങ്ങള്‍ സംഭവിക്കുമെന്ന് നാസ. കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിന് കാരണമായി. ഇത് പല രാജ്യങ്ങളിലും, പ്രത്യേകിച്ച് അമേരിക്കയില്‍ വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍, നാസയുടെ പുതിയ പഠനത്തില്‍ സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ല്‍ റെക്കോര്‍ഡ് പ്രളയമുണ്ടാകുമെന്നുമാണ് പറയുന്നത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയില്‍ പ്രളയങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നത്. ജൂണ്‍ 21 ന് നേച്ചര്‍ ക്ലൈമറ്റ് ചേഞ്ച് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
‘നൂയിസന്‍സ് വെള്ളപ്പൊക്കം’ എന്ന് വിളിക്കപ്പെടുന്ന ഇവ നിലവില്‍ തീരപ്രദേശങ്ങളില്‍ സംഭവിക്കുന്നത് വേലിയേറ്റം ശരാശരി ഉയര്‍ന്ന 2 അടി ഉയരത്തില്‍ എത്തുമ്പോഴാണ്. 2030 കളുടെ പകുതിയോടെ ഈ ‘നൂയിസന്‍സ് വെള്ളപ്പൊക്കം’ പതിവായി ഉണ്ടാകുമെന്നും നാസ പറയുന്നു. യുഎസിന്റെ ഭൂരിഭാഗം തീരപ്രദേശത്തും കുറഞ്ഞത് വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തില്‍ പൊങ്ങുമെന്നും പഠന റിപ്പോര്‍ട്ടിലുണ്ട്.
വേലിയേറ്റം മൂന്നോ നാലോ ഇരട്ടി വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു. ഈ വെള്ളപ്പൊക്കം വര്‍ഷം മുഴുവനും കാണില്ലെങ്കിലും ഏതാനും മാസങ്ങള്‍ തുടരാന്‍ സാദ്ധ്യതയുണ്ട്. വെള്ളപ്പൊക്കം കാരണം തീരപ്രദേശത്തിനു സമീപമുള്ള താഴ്ന്ന പ്രദേശങ്ങള്‍ കൂടുതല്‍ അപകടസാധ്യതയിലും ദുരിതത്തിലുമാകും. സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകും,- നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
‘ചന്ദ്രന്റെ ഗുരുത്വാകര്‍ഷണം, സമുദ്രനിരപ്പ് ഉയരുന്നത്, കാലാവസ്ഥാ വ്യതിയാനം എന്നിവ നമ്മുടെ തീരപ്രദേശങ്ങളിലും ലോകമെമ്പാടുമുള്ള തീരപ്രദേശത്തെയും വെള്ളപ്പൊക്ക സാദ്ധ്യത വര്‍ദ്ധിപ്പിക്കും.’അദ്ദേഹം പറയുന്നു.
ചന്ദ്രന്റെ ഭ്രമണപഥത്തിലെ ചലനം പൂര്‍ത്തിയാക്കാന്‍ 18 വര്‍ഷങ്ങളോളം വേണ്ടി വരും. ചലനം എല്ലായ്പ്പോഴും ഉണ്ടെങ്കിലും, ഇത് അപകടകരമാകുന്നത് സമുദ്രനിരപ്പുകളുമായി ചേരുമ്പോഴാണെന്നും പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ഹവായ് സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഫില്‍ തോംസണ്‍ പറഞ്ഞു.



