പ്രായമാകുന്നതോടെ ജീവിതത്തില്‍ ഒറ്റപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാല്‍ അവര്‍ക്കൊരു കൂട്ടുവേണമെന്ന് ഒരു മക്കളും ചിന്തിക്കാറില്ല. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി മാതാപിതാക്കളുടെ വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് മക്കളും കൊച്ചു മക്കളും. എഴുപത്തിമൂന്നാം വയസ്സില്‍ വര്‍ഗീസ് ചേട്ടന്‍ അറുപത്തിയെട്ടുകാരിയായ അശ്വതിയെ ജീവിതസഖിയാക്കി. വീകേവീസ് കേറ്ററേഴ്സ് ഉടമ കണ്ടനാട് വികെ വര്‍ഗീസും കല്‍പന ബ്യൂട്ടി പാര്‍ലര്‍ ഉടമ അശ്വതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. മൂന്ന് വര്‍ഷം മുമ്ബാണ് വികെ വര്‍ഗീസിന്റെ ആദ്യ ഭാര്യ റിട്ട. താലൂക്ക് ഓഫീസര്‍ സുശീല മരിച്ചത്.

മൂന്ന് മക്കളും കുടുംബവും കേരളത്തിന് പുറത്താണ്. രണ്ടര വര്‍ഷം മുമ്ബ് അശ്വതിയുടെ ഭര്‍ത്താവും മരിച്ചു. ലണ്ടനില്‍ ഡോക്ടറായിരുന്നു. ഒരു മകളും കൊച്ചുമകളുമാണുള്ളത്. നേരത്തേ പരിചയക്കാരായ അശ്വതിയുടേയും വര്‍ഗീസിന്റെ പൊതുസുഹൃത്താണ് ആദ്യം വിവാഹക്കാര്യം പറയുന്നത്. അശ്വതിയുടെ ഭര്‍ത്താവിനെ വര്‍ഗീസിനു പരിചയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണ സമയത്തും പോയിരുന്നു. വിവാഹക്കാര്യം സൂചിപ്പിച്ചപ്പോള്‍ ആദ്യം വര്‍ഗീസ് നിരുത്സാഹപ്പെടുത്തി.

പിന്നീട് വര്‍ഗീസിന്റെ മൂത്ത മകനു മുന്നില്‍ സുഹൃത്ത് ഇക്കാര്യം അവതരിപ്പിച്ചു. മൂത്തയാള്‍ അനുജന്മാരോട് പറഞ്ഞു. അങ്ങനെ മൂന്ന് മക്കളും ചേര്‍ന്ന് അപ്പന് വേണ്ടി കല്യാണം ആലോചിച്ചു. അശ്വതിയുടെ കുടുംബത്തിനും കല്യാണത്തിന് സമ്മതം. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ ശേഷം വധൂവരന്മാര്‍ പനമ്ബുകാട് കായല്‍ത്തീരത്തുള്ള വീട്ടിലേക്കു താമസം മാറി. കൊറോണ കാലത്ത് വര്‍ഗീസ് അനുഭവിച്ച ഒറ്റപ്പെടലാണ് മക്കളെ രണ്ടാം വിവാഹം എന്ന തീരുമാനത്തിലേക്ക് നയിച്ചത്.