ഹൂസ്റ്റണ്‍: ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ എന്ന നേട്ടം സ്വന്തമാക്കി സിരിഷ ബാന്‍ഡ്ല. ഞായറാഴ്ച ബഹിരാകാശം തൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. എയ്റോനോട്ടിക്കല്‍ എഞ്ചിനീയറായ സിരിഷ ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് ജനിച്ചത്. തന്റെ നാലാം വയസിലാണ് സിരിഷ അമേരിക്കയിലേക്ക് പോകുന്നത്. പിന്നീട് സിരിഷ പഠിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്.
2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്റോനോട്ടിക് ആന്‍ഡ് ആസ്ട്രോനോട്ടിക്സില്‍ നിന്ന് സയന്‍സ് ബിരുദം നേടിയ സിരിഷ 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. നാസയില്‍ ബഹിരാകാശ യാത്രികയാകായിരുന്നു സിരിഷ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കാഴ്ചശക്തി കുറവ് കാരണം ഈ ആഗ്രഹം സഫലീകരിക്കാന്‍ കഴിഞ്ഞില്ല. പാര്‍ഡ്യൂ സര്‍വകലാശാലയിലെ ഒരു പ്രൊഫസറാണ് വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് സിരിഷയോട് പറയുന്നത്. തുടര്‍ന്ന് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സിരിഷ തീരുമാനിച്ചു. ഒടുവില്‍ സിരിഷ ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജ എന്ന നേട്ടം കരസ്ഥമാക്കി.
ഇന്ത്യന്‍ സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും പുറപ്പെട്ടത്. 8.55-ന് പേടകം വാഹിനിയില്‍ നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്ക യാത്ര ആരംഭിക്കുകയും 9.09-ന് തിരിച്ച് ഭൂമി തൊടുകയും ചെയ്തു. യൂണിറ്റി 22 എന്ന പേരിലുള്ള പരീക്ഷണപ്പറക്കലാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. 2.8 ലക്ഷം അടി ഉയരത്തില്‍ നിന്നാണ് വാഹനം ഭൂമിയിലേക്ക് തിരിച്ചത്. റിസര്‍ച്ച് എക്സ്പീരിയന്‍സ് ആയിട്ടാണ് സിരിഷ സംഘത്തിലുണ്ടായിരുന്നത്. ദൗത്യം വിജയിച്ചതോടെ കല്പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ വംശജ എന്ന നേട്ടം സിരിഷയെ തേടിയെത്തി.



