മലങ്കര ഓര്‍ത്തഡോക്സ് സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ (74) കാലംചെയ്തു. അര്‍ബുദ രോഗബാധിതനായിരുന്നു അദ്ദേഹം ഇന്നു പുലര്‍ച്ചെ 2.30 ഓടെയാണ് വിട പറഞ്ഞത്. കബറടക്കം ചൊവ്വാഴ്ച നടത്തും.

ഇന്ന് പുലര്‍ച്ചെ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ഒന്നര വര്‍ഷമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഏതാനും ദിവസങ്ങളായി ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 13 ന് രാവിലെ കാതോലിക്കേറ്റ് അരമന ദൈവാലയത്തില്‍ കുര്‍ബാനയ്ക്കു ശേഷം പ്രത്യേകം തയാറാക്കിയ പന്തലില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 3 ന് കബറടക്ക ശുശ്രൂഷ നടക്കും. സഭയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.

പൗരസ്‌ത്യദേശത്തെ 91-ാം കാതോലിക്കായാണ് അദ്ദേഹം. തൃശൂര്‍ ജില്ലയിലെ കുന്നംകുളം പഴഞ്ഞിക്കടുത്തുള്ള മാങ്ങാട് ഗ്രാമത്തില്‍ കൊള്ളന്നൂര്‍ ഐപ്പിന്റെയും പുലിക്കോട്ടില്‍ കുടുംബാംഗമായ കുഞ്ഞീറ്റയുടെയും മകനായി 1946 ഓഗസ്റ്റ് 30 നാണ് പരിശുദ്ധ കാതോലിക്കാ ബാവാ ജനിച്ചത്. പഴഞ്ഞി ഗവ. ഹൈസ്‌കൂളില്‍നിന്ന് എസ്‌എസ്‌എല്‍സി പാസായി. തൃശൂര്‍ സെന്റ് തോമസ് കോളജില്‍നിന്ന് ബിരുദം നേടി. കോട്ടയം സെമിനാരിയില്‍ വൈദിക പഠനത്തിനു ചേര്‍ന്ന അദ്ദേഹം തുടര്‍ന്ന് കോട്ടയം സിഎംഎസ് കോളജില്‍നിന്ന് എംഎ പാസായി. 1972 മേയ് 31നു ശെമ്മാശപട്ടവും ജൂണ്‍ രണ്ടിനു വൈദികപട്ടവും സ്വീകരിച്ചു.

1982 ഡിസംബര്‍ 28നു കൂടിയ മലങ്കര അസോസിയേഷന്‍ മേല്‍പട്ട സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തു. പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ 1985 മേയ് 15നു മാവേലിക്കര പുതിയകാവ് സെന്റ് മേരീസ് പള്ളിയില്‍ പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ എപ്പിസ്‌കോപ്പയായി വാഴിച്ചു. തുടര്‍ന്ന് കുന്നംകുളം ഭദ്രാസനാധിപനായി. 2006 ഒക്‌ടോബര്‍ 12ന് പരുമലയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷന്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ആയി തിരഞ്ഞെടുത്തു. പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ സ്‌ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് പരുമല സെമിനാരി ചാപ്പലില്‍ 2010 നവംബര്‍ ഒന്നിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ പൗരസ്‌ത്യ കാതോലിക്കായായി സ്‌ഥാനാരോഹണം ചെയ്‌തു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാചരിത്രത്തില്‍ പരുമല തിരുമേനിക്കു ശേഷം മെത്രാന്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ റമ്ബാനായിരുന്നു മോര്‍ പൗലോസ് ദ്വിതിയന്‍. സഭാ കേസില്‍ ദീര്‍ഘനാളായി നിലനിന്നിരുന്ന വ്യവഹാരങ്ങള്‍ക്ക് അന്ത്യംകുറിച്ച്‌ 2017 ജൂലൈ 3 ന് സുപ്രീം കോടതി നിര്‍ണായകമായ അന്തിമ വിധി പ്രസ്താവിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.