ന്യൂഡല്‍ഹി: അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതോടെ താലിബാന് ഭീകരര്‍ പിടിമുറുക്കുന്ന അഫ്ഗാനിസ്ഥാനിലെ അന്‍പതോളം നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും ഇന്ത്യ ഡല്‍ഹിയില്‍ തിരികെയെത്തിച്ചു. കാണ്ഡഹാറിലെ കോണ്‍സുലേറ്റ് താത്കാലികമായി അടച്ചു.
പാക്കിസ്ഥാന് വ്യോമാര്‍തിര്‍ത്തി ഒഴിവാക്കിയാണു കാണ്ഡഹാറില്‍ നിന്നൊഴിപ്പിച്ച ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പ്രത്യേക വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചത്. കാണ്ഡഹാര്‍ നഗരത്തില്‍ അഫ്ഗാന് – താലിബാന് സേനകള്‍ തമ്മിലുള്ള പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹെറാത്, ജലാലാബാദ് നഗരങ്ങളിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ കോവിഡ് മഹാമാരിക്കിടെ കഴിഞ്ഞ വര്‍ഷം ഏപ്രിലിലില്‍ അടച്ചിരുന്നു. കാബൂളിലെ ഇന്ത്യന്‍ എംബസി അടയ്ക്കാന്‍ ആലോചനകളിലെന്നും കേന്ദ്രം അറിയിച്ചു. ഓഗസ്റ്റോടെ അഫ്ഗാനിസ്ഥാനിലുള്ള സൈനികരെ പൂര്‍ണമായി പിന്‍വലിക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം.
കാണ്ഡഹാറിലെ എംബസി അടച്ചിട്ടില്ലെന്നും താത്കാലികമായ നടപടിയാണ് ഉണ്ടായതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ ജീവനാണ് പരമപ്രധാനം. അതിനാലാണ് ഇന്ത്യക്കാരായ കോണ്‍സുലേറ്ററിലെ ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്. അഫ്ഗാനിസ്ഥാന്‍കാരായ ജീവനക്കാര്‍ വഴി കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം തുടരും- വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.



