തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സരിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുഖ്യമന്ത്രിയുടെ പകപോക്കല്‍ രാഷ്ട്രീയമാണ് നടക്കുന്നത്. കേസില്‍ മുഖ്യമന്ത്രി പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. സരിത്തിന് ഭീഷണിപ്പെടുത്തിയ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാറ്റണമെന്നും സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പിണറായി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ഒട്ടേറെ വിവാദങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടു വന്നതിന്റെ പകപോക്കലാണ് രമേശ് ചെന്നിത്തലയോട് നടത്തുന്നത്. പക വീട്ടാന്‍ ഏതറ്റവും വരെ പോകുന്ന പിണറായി വിജയന്റെ വൃത്തികെട്ട മനസാണ് ഇതിലൂടെ മറനീക്കി വരുന്നത്.

സ്വര്‍ണകടത്തുകാരുമായി ബന്ധപ്പെട്ടത് പിണറായി വിജയന്റെ ഓഫീസും അദ്ദേഹത്തിന്റെ വിശ്വസ്തരായ ആളുകളുമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. സ്വര്‍ണക്കടത്ത് പ്രതികളുമായി ബന്ധപ്പെട്ട കേസില്‍ ജയിലില്‍ കഴിഞ്ഞ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഇനിയും തിരിച്ചെടുത്തിട്ടില്ല. സ്വര്‍ണകടത്തു കേസിലെ അന്വേഷണം കൃത്യമായി മുന്നോട്ടു പോയാല്‍ അതെത്തുക എവിടെയായിരിക്കുമെന്ന കൃത്യമായ ബോധ്യം കേരളത്തിലെ പൊതുസമൂഹത്തിനുണ്ട്. അതൊഴിവാക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ കാലു പിടിക്കുന്ന പിണറായി വിജയന്‍ സ്വര്‍ണകടത്തു കേസില്‍ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്.

രമേശ് ചെന്നിത്തലയെ പോലൊരു നേതാവിന്റെ പ്രതിഛായ തകര്‍ത്ത് ഈ അധോലോകറാക്കറ്റിന്റെ ഭാഗമാണ് പ്രതിപക്ഷത്തുള്ളവരുമെന്ന് വരുത്താനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. സര്‍ക്കാരിന്റെ ശമ്പളം പറ്റി പിണറായി വിജയനും സിപിഎമ്മിനും വേണ്ടി വിടുപണിയെടുക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ വഴിയില്‍ കൈകാര്യം ചെയ്യേണ്ടി വരും. സരിത്തിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നു മാറ്റാനും വ്യാജമൊഴി സൃഷ്ടിക്കാനായി ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും തയ്യാറാകണം. ഇക്കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതിയുടെ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. രമേശ് ചെന്നിത്തലയ്ക്കെതിരേ പകപോക്കല്‍ രാഷ്ട്രീയം തുടരാനാണ് പിണറായി വിജയന്റേയും കൂട്ടരുടേയും നീക്കമെങ്കില്‍ അതിനെ രാഷ്ട്രീയമായി നേരിടാനുള്ള കരുത്ത് കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. കള്ളക്കഥകളുണ്ടാക്കി യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നു വഴി തിരിച്ചു വിടാനുള്ള പിണറായി വിജയന്റെ ശ്രമം വിലപ്പോവില്ല. കേരളത്തിലെ ബഹുജനങ്ങളെ അണിനിരത്തി അത്തരം കുല്‍സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.