രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരം​ഗം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം. രാജ്യത്തെ കൊവിഡ് കേസുകളില്‍ പകുതിയില്‍ അധികവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

രാജ്യത്ത് പുതിയതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. എന്നാല്‍ വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉളളതിനാല്‍ അതീവ ജാ​ഗ്രത തുടരണം. പുതിയ കേസുകളുടെ ശരാശരിയില്‍ എട്ട് ശതമാനം കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്. യൂറോകപ്പിന് ആതിഥ്യമരുളിയ യുകെയില്‍ പലയിടത്തും കൊവിഡ് വ്യാപനം വീണ്ടും ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആരാധകര്‍ മത്സരങ്ങള്‍ കാണാന്‍ എത്തിയതാണ് ഇതിന് കാരണം. യുകെയിലും റഷ്യയിലും ബം​ഗ്ലാദേശിലും വീണ്ടും കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഇന്ന് 13,563 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട 420, വയനാട് 335, ഇടുക്കി 313 എന്നിങ്ങനെയാണ് രോ​ഗികളുടെ എണ്ണം. 10.4% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,424 സാംപിളുകളാണ് പരിശോധിച്ചത്.