തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി. സംഘം രോഗബാധ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ഇന്ന് പരിശോധന നടത്തും.തിരുവനന്തപുരത്ത് 15 പേര്‍ക്ക് സിക്ക വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കേന്ദ്രം ആറംഗ വിദഗ്ധ സംഘത്തെ അയച്ചത്. രോഗം സ്ഥിരീകരിച്ച നഗരസഭാ പരിധിയിലെ പ്രദേശങ്ങളിലും പാറശാലയിലും സംഘം സന്ദര്‍ശിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും .

നേരത്തെ രോഗം സ്ഥിരീകരിച്ച യുവതി താമസിച്ചിരുന്ന നന്തന്‍കോട് നിന്നും സ്വദേശമായ പാറശാലയില്‍ നിന്നുമുള്‍പ്പെടെ ശേഖരിച്ച 17 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

കൂടുതല്‍ പേര്‍ക്ക് രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. അതിനാല്‍ പരമാവധി സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധന നടത്താനാണ് തീരുമാനം. സിക്കയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടവും പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. വാര്‍ഡ്തല സമിതിയുടെ നേതൃത്വത്തില്‍ കൊതുക് നശീകരണത്തിനുള്ള നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. പനി ക്ലിനിക്കുകള്‍ ശക്തമാക്കാനും തീരുമാനിച്ചു.