ഫ്ലോറിഡാ ∙ സർഫ്സൈഡ് കോണ്ടോമിനിയം കെട്ടിടം തകർന്നു വീണതിനെ തുടർന്നു മരിച്ചവരുടെ എണ്ണം 54 ആയി.

ജൂലൈ 7 ബുധനാഴ്ച 18 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇനിയും ഔദ്യോഗിക കണക്കനുസരിച്ചു 86 പേരെ കൂടെ കണ്ടെത്തേണ്ടതുണ്ടെന്നു ബുധനാഴ്ച മയാമി ഡേഡ് കൗണ്ടി മേയർ ഡാനിയേല ലെവിന വിളിച്ചു കൂട്ടിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മരിച്ചവരിൽ 2 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തകർന്ന ബഹുനില കെട്ടിടത്തിന്റെ ശേഷിക്കുന്ന ഭാഗം കൂടി മറിച്ചിട്ടതോടെ രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ എളുപ്പമായി. രാത്രിയും പകലും രക്ഷാപ്രവർത്തകർ അത്യധ്വാനം ചെയ്യുന്നുണ്ടെന്നും, ശേഷിക്കുന്നവരെ കൂടെ എത്രയും വേഗം കണ്ടെത്തണമെന്നും മേയർ പറഞ്ഞു.

അതേ സമയം, തകർന്ന കെട്ടിടത്തിനകത്തു ജീവനോടെ ആരും ശേഷിക്കുന്നില്ലെന്ന നിഗമനത്തിൽ ശബ്ദ വീചികളും, നായ്ക്കളേയും ഉപയോഗിച്ചു നടത്തുന്ന പരിശോധനകളെല്ലാം അവസാനിപ്പിച്ചതായി രക്ഷാ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർ അറിയിച്ചു.

എന്നാലും പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചിട്ടില്ലെന്നും അത്ഭുതം സംഭവിച്ചു കൂടെന്നും അവർ പറഞ്ഞു.

കെട്ടിടത്തിനകത്ത് ഉൾപ്പെട്ടവരുടെ കുടുംബാംഗങ്ങളും സ്നേഹിതരും ഇപ്പോൾ കെട്ടിടത്തിനു സമീപം കൂട്ടം കൂടി നിൽക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണാനെങ്കിലും കഴിയുമോ എന്ന് പ്രതീക്ഷയോടെ.

പി പി ചെറിയാൻ