സിപിഎമ്മിനെ പ്രതിരോധത്തിലാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതികളാവുന്ന കേസുകള്‍ വര്‍ദ്ധിക്കുന്നു. കഞ്ചാവ് വില്‍പ്പന മുതല്‍ രാജ്യദ്രോഹ കേസുകളില്‍ പോലും പ്രതികളാവുന്നത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ്. പ്രവര്‍ത്തകര്‍ കൊഴിഞ്ഞു പോവാതിരിക്കാന്‍ നേതൃത്വം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം.

ലോക്ക് ഡൗണ്‍ സേവന പ്രവര്‍ത്തനങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും കടത്തിയ സംഭവത്തിലും, ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതും രാജ്യദ്രോഹ കുറ്റം ചുമത്താവുന്ന സ്വര്‍ണ്ണക്കടത്തിലുമെല്ലാം പ്രതികളായത് സിപിഎമ്മുകാരാണ്. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ മുതല്‍ സിപിഎം ഏരിയ സെക്രട്ടറി വരെയുള്ളവരാണ് വിവിധ കേസുകളിലെ പ്രതികള്‍. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത് ഡിവൈഎഫ്‌ഐ ഏരിയ കമ്മറ്റി അംഗമായ അര്‍ജുനാണ്. കെട്ടിത്തൂക്കിയ ശേഷം സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അര്‍ജുന്‍ അന്വേഷണം വഴിതെറ്റിക്കാനും ശ്രമിച്ചു.

വടകരയില്‍ വീട്ടില്‍ അതിക്രമിച്ച്‌ കയറി സ്വന്തം പാര്‍ട്ടിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയായിരുന്ന ലിജീഷ് എന്നിവര്‍ ചേര്‍ന്നാണ്. സംഭവത്തില്‍ പരാതി നല്‍കാതിരിക്കാന്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തു. ആലപ്പുഴ എടത്വയില്‍ വ്യാജമദ്യം കടത്തുന്നതിനിടെ പിടിയിലായതും രണ്ട് ഡിവൈഎഫ്‌ഐ നേതാക്കളാണ്. എടത്വ നോര്‍ത്ത് മേഖല സെക്രട്ടറി ശ്യാംരാജ്, ബ്ലോക്ക് കമ്മിറ്റിയംഗം എം കെ ശ്രീജിത്ത്‌ എന്നിവരാണ് പിടിയിലായത്.

തലശ്ശേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ വ്യവസായിയെ സഹായിക്കാനെത്തിയതും സിപിഎം നേതൃത്വമാണ്. ഒരു മാസത്തിനിടെ സംസ്ഥാന വ്യാപകമായി പോലിസ് നടത്തിയ പരിശോധനയില്‍ 6 സിപിഎം പ്രവര്‍ത്തകരെയാണ് കുഴല്‍പ്പണം കടത്തുന്നതിനിടെ പിടികൂടിയത്. ഇന്ത്യന്‍ സാമ്ബത്തിക വ്യവസ്ഥയെ തകര്‍ക്കുന്ന കുഴല്‍പ്പണ കേസിലെ പ്രതികളും അവരെ സഹായിച്ചുമെല്ലാം സിപിഎം ഡിവൈഎഫ്‌ഐ നേതാക്കളാണ്. നിലവില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കി സിപിഎം സഹയാത്രികനാണ്. ക്വട്ടേഷന്‍ കുഴല്‍പ്പണ സംഘങ്ങളെ സഹായിച്ചത് ചെമ്ബിലോട് ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി പി സജേഷാണ്. ഒപ്പം പാനൂരിലെ യൂണിറ്റ് സെക്രട്ടറിയും.

ഇത്തരത്തില്‍ നിരവധി കേസുകളില്‍ പ്രതികളായി അടുത്ത കാലത്ത് ശിക്ഷിക്കപ്പെട്ടതും വിചാരണ നേരിടുന്നതുമെല്ലാം ഇടതു പക്ഷക്കാരാണ്. നിരവധി സംഭവങ്ങള്‍ നേതൃത്വം ഇടപ്പെട്ട് ഒരുക്കി തീര്‍ക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ക്രിമിനലുകള്‍ക്ക് നേതാക്കള്‍ ഒത്താശ ചെയ്യുന്നതാണ് ക്രിമിനല്‍ സംഘങ്ങള്‍ വളരാന്‍ കാരണം. പാര്‍ട്ടിയിലേക്ക് ആളുകളെ അകര്‍ഷിക്കണമെങ്കില്‍ പീഡനത്തിനും, കള്ളക്കടത്തിനും കൂട്ടുനില്‍ക്കേണ്ട ദുരവസ്ഥയിലാണ് സിപിഎം നേതൃത്വം.