ഡോ. ജോര്‍ജ് എം. കാക്കനാട്

ഹ്യൂസ്റ്റണ്‍; ബുധനാഴ്ച പുലര്‍ച്ചെ തലസ്ഥാനമായ പോര്‍ട്ടൗ പ്രിന്‍സിലെ വീട്ടില്‍ വച്ച് നടന്ന ആക്രമണത്തില്‍ ഹെയ്തിയിലെ പ്രസിഡന്റ് ജോവാനല്‍ മോസ് കൊല്ലപ്പെട്ടു. രാഷ്ട്രീയ അരാജകത്വം നിഴലിക്കുന്ന ഹെയ്തില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പായി. സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യുഎസ് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അതിനിടയില്‍ അനിശ്ചിതത്വം നിഴലിക്കുന്ന നഗരത്തിലെങ്ങും ആശങ്കയോടെ, ജനങ്ങള്‍ തെരുവിലിറങ്ങി. ആക്രമണത്തില്‍ മോസിന്റെ ഭാര്യ മാര്‍ട്ടിന്‍ മോസിനും വെടിയേറ്റതായി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു. ‘ഒരു കൂട്ടം അജ്ഞാത വ്യക്തികള്‍, അവരില്‍ ചിലര്‍ സ്പാനിഷ് സംസാരിക്കുന്നവര്‍, റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ സ്വകാര്യ വസതിക്ക് നേരെ ആക്രമണം നടത്തുകയും രാഷ്ട്രത്തലവന് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു,’ പ്രധാനമന്ത്രി പറഞ്ഞു, എന്നാല്‍ ആരാണ് ഇത് നടത്തിയതെന്നതിനെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. കൊലപാതകത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.


ഇടക്കാല പ്രധാനമന്ത്രിയായ ജോസഫിനു പകരം പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കാനിരിക്കെയാണ് രാജ്യത്തെ പരമോന്നത കോടതിയുടെ തലവന്‍ ജൂണില്‍ കോവിഡ് 19 ബാധിച്ചത് അന്തരിച്ചത്. അതോടെ കാര്യങ്ങള്‍ വീണ്ടും പ്രതിസന്ധിയിലായി. മോയിസിന്റെ കൊലപാതക വാര്‍ത്ത മിയാമിക്ക് തെക്കുകിഴക്കായി 675 മൈല്‍ ദൂരത്തുള്ള കരീബിയന്‍ ജനതയെ പിടിച്ചുകുലുക്കി. മോസിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമീപ മാസങ്ങളില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയിരുന്നു. അദ്ദേഹം അധികാരത്തില്‍ പറ്റിനില്‍ക്കുകയും ഒരു വര്‍ഷത്തിലേറെയായി വിവിധ ഉത്തരവിലൂടെ അധികാരത്തില്‍ തുടരുകയുമായിരുന്നു. ഭരണഘടനാ പണ്ഡിതന്മാരും നിയമ വിദഗ്ധരും ഉള്‍പ്പെടെ പലരും അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചുവെന്ന് വാദിച്ചുവെങ്കിലും മോയിസ് അതു ചെവി കൊണ്ടിരുന്നില്ല. അതിനിടയില്‍ സായുധ സംഘങ്ങള്‍ പല തെരുവുകളുടെയും നിയന്ത്രണം പിടിച്ചെടുക്കുകയും സ്‌കൂള്‍ കുട്ടികളെയും സുവിശേഷകരെ പോലും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിച്ചുകൊണ്ടിരുന്ന രാജ്യത്ത് ഏറ്റവും പ്രാഥമിക സേവനങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരുന്നു. ഭൂകമ്പം, കൊടുങ്കാറ്റ്, കോവിഡ് എന്നിവ കൊണ്ടു തകര്‍ന്ന നിലയിലാണ് രാജ്യം. ഇപ്പോള്‍, മോസിന്റെ കൊലപാതകം രാഷ്ട്രീയ ശൂന്യതയ്ക്ക് ആക്കം കൂട്ടുമെന്നു വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

രണ്ട് നൂറ്റാണ്ടിലേറെ മുമ്പ്, ലോകത്തിലെ ഏറ്റവും ക്രൂരമായ അടിമ കോളനികളില്‍ ഒന്നില്‍ നിന്ന് ഉരുത്തിരിയാന്‍ പോരാടിയ രാജ്യമാണ് ഹെയ്തി. ഫ്രാന്‍സിന് വലിയ സമ്പത്ത് കൊണ്ടുവന്നതും കൊളോണിയല്‍ ഭരണാധികാരികള്‍ നിലനിര്‍ത്താന്‍ പോരാടിയതുമായ രാജ്യമായിരുന്നു ഇത്. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അടിമ പ്രക്ഷോഭമായി തുടങ്ങിയത് ക്രമേണ 1803ല്‍ നെപ്പോളിയന്റെ സൈന്യത്തിന്റെ അതിശയകരമായ പരാജയത്തിലേക്ക് നയിച്ചു. അടുത്തിടെ, പപ്പാ ഡോക് എന്നറിയപ്പെടുന്ന ഫ്രാങ്കോയിസ് ഡുവാലിയറുടെ രണ്ടു പതിറ്റാണ്ടിലേറെ ഏകാധിപത്യത്തില്‍ രാജ്യം അനുഭവിച്ചു. ഈ ദരിദ്ര പ്രദേശത്ത് നിന്നുള്ള ഒരു പുരോഹിതന്‍ ജീന്‍ ബെര്‍ട്രാന്‍ഡ് അരിസ്‌റ്റൈഡ് 1990 ല്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി. എന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹത്തെ ഒരു അട്ടിമറിയിലൂടെ പുറത്താക്കി.

11 വര്‍ഷം മുമ്പ് ഉണ്ടായ ഒരു ഭൂകമ്പത്തിനുശേഷം, രാജ്യം ഇതുവരെയും പുനര്‍നിര്‍മിച്ചിട്ടില്ല, കോടിക്കണക്കിന് ഡോളര്‍ പുനര്‍നിര്‍മാണ സഹായം നല്‍കിയിട്ടും ഒന്നും നടന്നില്ലെന്ന് പലരും പറയുന്നു. രാജ്യത്തിന്റെ സുരക്ഷാ സാഹചര്യം പോലീസിന്റെയും സൈന്യത്തിന്റെയും നിയന്ത്രണത്തിലാണ്. എന്നാല്‍ സ്ഥിതിഗതികള്‍ വേഗത്തില്‍ നിയന്ത്രണാതീതമാകുമെന്ന് അന്താരാഷ്ട്ര നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയ നിയമസാധുതയില്ലാതിരുന്നിട്ടും ജോസഫിന് രാജ്യം നയിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഹെയ്തിയിലെ മുന്‍ ഫ്രഞ്ച് അംബാസഡര്‍ ഡിഡിയര്‍ ലെ ബ്രെറ്റ് പറഞ്ഞു. ഹെയ്തിയിലെ അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തെ അവഗണിച്ചതിന് അന്താരാഷ്ട്ര സമൂഹത്തെ വിമര്‍ശിച്ച അദ്ദേഹം, ‘സുഗമമായ മാറ്റം ഉറപ്പാക്കാന്‍’ രാജ്യത്തെ സഹായിക്കണമെന്ന് പറഞ്ഞു. ഹെയ്തിയിലെ സ്ഥിതി വളരെ അസ്ഥിരമായിത്തീര്‍ന്നിരിക്കുന്നുവെന്നും ‘മോയ്‌സിനെ ഒഴിവാക്കാന്‍ നിരവധി ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടായിരുന്നുവെന്നും’ ലെ ബ്രെറ്റ് പറഞ്ഞു.

പാതിരാത്രിയിലെ വെടിവെപ്പിനു ശേഷം ബുധനാഴ്ച തെരുവുകള്‍ ശൂന്യമായിരുന്നു. ബാങ്കുകളും സ്‌റ്റോറുകളും അടച്ചു; സര്‍വകലാശാല ക്ലാസ് മുറികള്‍ ഒഴിഞ്ഞുകിടന്നു; വഴിയോര വ്യാപാരികള്‍ പോലും ഇല്ലാതിരുന്ന ഇടത്ത് സൈനികലൈനുകള്‍ രൂപം കൊള്ളുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റിന് ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ഉണ്ടായിരുന്നിട്ടും സംഭവിച്ച ദുരന്തം ഹെയ്തിക്ക് മുന്നില്‍ ഒരു ചോദ്യചിഹ്നമായി അവശേഷിക്കും. ഒരു ഡസനിലധികം കവചിത കാറുകളുടെയും പോലീസ് ഗാര്‍ഡുകളുടെയും വലിയ മോട്ടോര്‍കെയ്ഡുമായാണ് അദ്ദേഹം പതിവായി യാത്ര ചെയ്തിരുന്നത്. എന്നിട്ടും, കൊലയാളികള്‍ അയാളുടെ വീട്ടില്‍ എങ്ങനെ പ്രവേശിച്ചുവെന്ന് പലരും ആശ്ചര്യപ്പെട്ടു. പ്രസിഡന്റിനെ വധിച്ച അക്രമികളുടെ സംഘത്തെ വേട്ടയാടാന്‍ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലര്‍ച്ചെ രാജ്യം വിമാനത്താവളവും മറ്റ് പല പ്രവേശന സ്ഥലങ്ങളും അടച്ചതായി മോയ്‌സിന്റെ ഉപദേശകര്‍ പറഞ്ഞു. ഹെയ്തിയുടെ കാര്യത്തില്‍ ബൈഡന്‍ ആശങ്ക അറിയിച്ചുവെങ്കിലും രാജ്യം എന്തു നിലപാട് സ്വീകരിക്കുമെന്ന കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നുണ്ട്.