കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ പ്രവര്‍ത്തനത്തനങ്ങള്‍ക്ക് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ‘ലീഡറുടെ’ ഉപദേശ പ്രകാരം നശിപ്പിച്ചെന്ന് വ്യക്തമാക്കി കേസിലെ മുഖ്യ സൂത്രധാരന്‍ അര്ജുന് ആയങ്കി. കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിര്‍ന്ന അംഗങ്ങളുടെ നിര്‍ദേശം സ്വീകരിക്കാന്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ നശിപ്പിച്ചതായാണ് അര്ജുന് കസ്റ്റംസിന് മൊഴി നല്‍കിയത്.
നേരത്തെ, ഫോണ്‍ പുഴയില്‍ കളഞ്ഞെന്ന് അര്ജുന് പറഞ്ഞിരുന്നതിനെ തുടര്‍ന്ന് വളപട്ടണം പുഴയോരത്ത് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഫോണ്‍ നശിപ്പിച്ചതായി അര്ജുന് വ്യക്തമാക്കിയത്. അര്‍ജുന്റെ ‘ലീഡറെ’ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. ഫോണ്‍ നശിപ്പിച്ചെന്ന് വ്യക്തമായതോടെ ഇതിലൂടെ നടത്തിയ ആശയവിനിമയങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്തുക ദുഷ്കരമായിരിക്കും.
അതേസമയം, സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവില്‍പോയ അര്ജുന് കൂട്ടുപ്രതികളെ മുഴുവന്‍ ബന്ധപ്പെട്ടതും നിര്‍ദേശങ്ങള്‍ സ്വീകരിച്ചതും സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ്. കേസുമായി സംബന്ധിച്ച മൊഴികള്‍ ലഭിച്ചാലും ശാസ്ത്രീയ തെളിവുകള്‍ കണ്ടെടുക്കുക എന്നത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരിക്കും.



