പി പി ചെറിയാൻ
വാഷിങ്ടൻ ഡി സി ∙ യുഎസിൽ മാരക ശക്തിയുള്ള ഡെൽറ്റാ വേരിയന്റിന്റെ വ്യാപനം വർധിച്ചുവരുന്നതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ വ്യക്തമാക്കി
ഈയാഴ്ച ഇതുവരെ 10 ശതമാനം കോവിഡ് 19 കേസുകൾ വർധിച്ചുവെന്നും, ഇതു ഭയാശങ്ക ഉളവാക്കുന്നുവെന്നും അധികൃതർ പറയുന്നു. ഡെൽറ്റാ വേരിയന്റ് ആൽഫാ വേരിയന്റിനേക്കാൾ അറുപതു ശതമാനം വ്യാപനശക്തിയുള്ളതാണെന്നും സിഡിഡി ഡയറക്ടർ ഡോ. റോഷ്ലി വലൻസ്കി വെളിപ്പെടുത്തി. അമേരിക്കയിൽ ഇതുവരെ 57.4 ശതമാനം പേർക്ക് കോവിഡ് വാക്സീൻ നൽകി കഴിഞ്ഞതായും ഇവർ പറഞ്ഞു.
ഇതിനകം തന്നെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡെൽറ്റാ വേരിയന്റിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞുവെന്നും, അടുത്ത ആഴ്ചയിൽ ഇതിന്റെ അതിവേഗതയിലുള്ള വ്യാപനത്തിനു സാധ്യതയുണ്ടെന്നും വലൻസ്കി മുന്നറിയിപ്പു നൽകി.
അമേരിക്കയിൽ വർധിച്ച 10 ശതമാനത്തിലെ നാലിലൊരു ശതമാനം ഡെൽറ്റാ വേരിയന്റ് കേസുകളാണ്. ഈയാഴ്ച 12600 പുതിയ കേസുകൾ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയേക്കാൾ 10 ശതമാനമാണ് വർധനവ്.



