ഭാവിയെ പ്രമേയമാക്കി തയ്യാറാക്കുന്ന സിനിമകളില്‍ പലപ്പോഴും നമ്മള്‍ പറക്കുന്ന കാറുകളെ കണ്ടിട്ടുണ്ട്. ജെയിംസ് ബോണ്ട് ചിത്രങ്ങളിലും അതിഭാവുകത്വം കലര്‍ന്ന സയന്‍സ് ഫിക്ഷന്‍ ഹോളിവുഡ് ചിത്രങ്ങളിലും നമ്മള്‍ ഇത്തരം ദൃശ്യങ്ങള്‍ പല ആവൃത്തി കണ്ടിട്ടുള്ളതാണ്. പക്ഷേ ആ ഭാവന ഇതാ സത്യമാകുന്നു.

പരീക്ഷണാടിസ്ഥാനത്തില്‍ നിര്‍മ്മിച്ച ഒരു ഫ്ലൈയിംഗ് കാര്‍ ഈ ആഴ്ച വിജയകരമായി പറന്നിരിക്കുകയാണ്. പറക്കുന്ന കാര്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ക്ലീന്‍ വിഷന്‍ ഫ്ലൈയിംഗ് കാര്‍, സ്ലൊവാക്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളായ നൈട്ര, ബ്രാറ്റിസ്ലാവ, എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 35 മിനിറ്റ് നേരം വിജയകരമായ പറക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കി. ഈ നേട്ടത്തിന്റെ വീഡിയോ ഫൂട്ടേജ് അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ അവര്‍ പങ്കിടുകയുണ്ടായി. വീഡിയോ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഒരു രംഗം പോലെ തോന്നാമെങ്കിലും അത് സംഭവിക്കാന്‍ പോവുന്ന യഥാര്‍ത്ഥമാണ്. ഒരു പത്രക്കുറിപ്പില്‍ കമ്ബനിയുടെ സഹസ്ഥാപകന്‍ ആന്റണ്‍ സാജാക്ക് പറഞ്ഞു, ‘എയര്‍കാര്‍ എന്നത് ഇനി വെറുമൊരു ആശയമായി അവശേഷിക്കുന്നതല്ല, മറിച്ച്‌ അത് സയന്‍സ് ഫിക്ഷനെ യാഥാര്‍ത്ഥ്യമാക്കി.’ എയര്‍കാര്‍ എന്ന് പേരുള്ള ഹൈബ്രിഡ് കാര്‍-വിമാനത്തിന്‌ 160 കുതിരശക്തി ബിഎംഡബ്ല്യു എഞ്ചിനാണ് നല്‍കിയിരിക്കുന്നത്. സാധാരണ പെട്രോള്‍-പമ്ബില്‍ നിന്നും ലഭിക്കുന്ന ഇന്ധനത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 8,200 അടി ഉയരത്തില്‍ 1,000 കിലോമീറ്റര്‍ സഞ്ചരിക്കാം, ഇതുവരെ 40 മണിക്കൂര്‍ നേരം വായുവില്‍ സുഗമമായി പറന്നുകഴിഞ്ഞു.

 

 

പ്രൊഫസര്‍ സ്റ്റെഫാന്‍ ക്ലൈന്‍ രൂപകല്‍പ്പന ചെയ്ത എയര്‍കാര്‍ (വി5) റോഡിലൂടെ ഓടുന്ന വാഹനമെന്ന നിലയില്‍ നിന്നും മൂന്ന് മിനിറ്റിനുള്ളില്‍ വായുവിലൂടെ പറക്കുന്ന വാഹനമായി മാറുന്ന ഏറ്റവും നൂതനമായ ജനറേഷന്‍ ഫ്ലൈയിംഗ് കാറാണ്. രണ്ട് സീറ്റുകളുള്ള മോഡലിന് 1,100 കിലോഗ്രാം ഭാരമുണ്ട്, കൂടാതെ ഓരോ ഫ്ലൈറ്റിനും 200 കിലോഗ്രാം അധിക ഭാരം വഹിക്കാനാകുമെന്ന് കമ്ബനി പ്രസ്താവനയില്‍ പറയുന്നു. ബ്രാറ്റിസ്ലാവയില്‍ വിജയകരമായി ലാന്‍ഡിംഗ് നടത്തിയ ശേഷം, ഈ എയര്‍ക്രാഫ്റ്റിനെ ഒരു കാറാക്കി മാറ്റി, ക്ലീന്‍ വിഷന്‍ സിയോ സ്റ്റെഫാന്‍ ക്ലീന്‍, സജാക്ക് എന്നിവര്‍ ഇതിലൂടെ സിറ്റി സെന്ററിലേക്ക് ഒരു ഡ്രൈവ് നടത്തി.

പിന്നിലേക്ക് ഒതുക്കിവക്കാവുന്ന ചിറകുകള്‍, മടക്കാവുന്ന വാല്‍ ഭാഗങ്ങള്‍, പാരച്യൂട്ട് ഡിപ്ലോയ്മെന്റ് സിസ്റ്റങ്ങള്‍ എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ വാഹനത്തിന്റെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ക്ലീന്‍ വിഷന്റെ അഭിപ്രായമനുസരിച്ച്‌, മടക്കാവുന്ന വാല്‍ ഭാഗങ്ങള്‍ ഒരു പരമ്ബരാഗത വിമാനത്തിലെന്നപോലെ മികച്ച രേഖാംശ സ്ഥിരതയ്ക്കും (ലോഞ്ചിറ്റ്യൂഡിനല്‍ സ്റ്റബിലിറ്റി) ടേക്ക് ഓഫിനും കാരണമാകുന്നു. എന്നിരുന്നാലും, കാര്‍ മോഡില്‍, പിന്നിലേക്ക് ഒതുക്കിവയ്ക്കുന്ന വാല്‍ കൂടുതല്‍ കോം‌പാക്റ്റ് രൂപത്തിലേക്ക് നയിക്കുന്നു.

ഏറ്റവും പുതിയ വികാസത്തോടെ, പറക്കുന്ന കാറുകള്‍ക്ക് നല്ലൊരു ഭാവി ഉണ്ടെന്നു തോന്നുന്നു. കഴിഞ്ഞ വര്‍ഷം, സൗത്ത് കൊറിയന്‍ ഓട്ടോമൊബൈല്‍ കമ്ബനിയായ ഹ്യുണ്ടായ് ഒരു ഏരിയല്‍ റൈഡ് ഷെയര്‍ നെറ്റ്‌വര്‍ക്കിനായി ഉബര്‍ എയര്‍ ടാക്സികള്‍ വികസിപ്പിക്കുന്നതിന് ഉബറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലാസ് വെഗാസിലെ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്സ് ഷോയില്‍ (സെസ്) ഒരു പുതിയ പൂര്‍ണ്ണ-തല വിമാനമെന്ന ആശയം അവതരിപ്പിച്ചിണ്ടായിരുന്നു.

അപ്പോള്‍ പുതിയ ട്രെന്‍ഡ് പറക്കും കാറുകളാണ്‌. സിനിമകളിലും ഫിക്ഷനുകളിലും മാത്രം ആസ്വദിച്ചിരുന്ന പറക്കും ലോകം ഇതാ വരവാകുകയാണ്‌.