കോവാക്സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ട് ഇന്ത്യ,. ജൂലൈ ഒന്ന് മുതല്‍ യൂറോപ്യന്‍ യൂനിയന്‍റെ വാക്സിന്‍ പാസ്പോര്‍ട്ട് നയം നിലവില്‍ വരും. ഈ നയത്തില്‍ കോവിഷീല്‍ഡും കോവാക്സിനും ഉള്‍പ്പെട്ടിട്ടില്ല. ഇത് ഈ വാക്സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ ഇടപെടല്‍.

അതേസമയം ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്സ്ഫഡ്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ എന്നീ കോവിഡ് വാക്സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂനിയന്‍ അംഗീകാരം നല്‍കിയിട്ടുള്ളത്​. അസ്ട്രാസെനകയുടെ ഇന്ത്യന്‍ പതിപ്പാണ്​ കോവിഷീല്‍ഡ്​ എന്നിരിക്കെ, അതിനെ അവര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യൂറോപ്യന്‍ യൂനിയന്‍ അംഗീകരിച്ച വാക്സിന്‍ കുത്തിവെച്ചവര്‍ക്ക് മാത്രമേ വാക്സിനേഷന്‍ പാസ്പോര്‍ട്ട് നല്‍കുകയും അംഗരാജ്യങ്ങളില്‍ യാത്രയ്ക്കുള്ള അനുമതിയും നല്‍കൂവെന്നാണ് റിപ്പോര്‍ട്ട്.