തിരുവനന്തപുരം: കേരളത്തിലെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്തിനെ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മൂന്ന് പേരുടെ പട്ടികയില്‍ നിന്നുമാണ് അനില്‍കാന്തിനെ തിരഞ്ഞെടുത്തത്. ബി സന്ധ്യ, സുധേഷ് കുമാര്‍ എന്നിവരെ പിന്തള്ളിയാണ് അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി ആകുന്നത്. നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണര്‍ ആണ് അനില്‍ കാന്ത്. പട്ടിക വിഭാഗത്തില്‍ നിന്ന് പോലീസ് മേധാവിയാകുന്ന കേരളത്തിലെ ആദ്യത്തെ ആളാണ് അനില്‍ കാന്ത്. ഡല്‍ഹി സ്വദേശിയാണ്.
ഉടന്‍ ഉത്തരവിറക്കും. ബെഹ്റയില്‍ നിന്നും ബാറ്റണ്‍ ഏറ്റുവാങ്ങി അനില്‍ കാന്ത് പുതിയ പൊലീസ് മേധാവി ചുമതലയേല്‍ക്കും. ഡി.ജി.പിക്കൊപ്പം കാത്തിരിക്കുന്ന മറ്റൊരു നിയമനം ജോസഫൈന് പകരം വരുന്ന വനിതാ കമ്മീഷന്‍ അധ്യക്ഷ ആരെന്നതാണ്. സിപിഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ സൂസന്‍ കോടിയുടെ പേരിനാണ് പരിഗണന. സി എം സുജാത, ടി എന്‍ സീമ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.