സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. തിരുവനന്തപുരത്ത് ഇന്ന് പെട്രോളിന് 100.80 രൂപയാണ് വില, ഡീസലീന് 95.75 രൂപയും.
ആറു മാസത്തിനിടെ 58 തവണയാണ് ഇന്ധന വില കൂട്ടിയത്.
ഈ മാസം മാത്രം 17 തവണ വില വര്‍ദ്ധിപ്പിച്ചു.
കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചപ്പോള്‍ ഇന്ധനവില വര്‍ദ്ധനവ് മന്ദീഭവിപ്പിച്ചിരുന്നു. എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ദ്ധിപ്പിക്കാന്‍ തുടങ്ങി.
കേരളത്തിലെ പെട്രോള്‍ വില ഒരു വര്‍ഷത്തില്‍:
2020 മാര്‍ച്ച്‌ 71 രൂപ
2020 ജൂണ്‍ 72 രൂപ
2020 ജൂലൈ 80 രൂപ
2020 ഡിസംബര്‍ 84 രൂപ
2021 ഫെബ്രുവരി 86 രൂപ
2021 മാര്‍ച്ച്‌ 91 രൂപ
2021 ജൂണ്‍(ഇന്ന്) 100.80 രൂപ.
കേന്ദ്ര സര്‍ക്കാരിന്റെ ഇന്ധനവിലക്കൊള്ളയ്ക്കെതിരെ എല്‍. ഡി. എഫിന്‍്റെ ജനകീയ പ്രതിഷേധം ഇന്ന്. ഇതു ചരിത്രവിജയമാക്കണമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ അഭ്യര്‍ത്ഥിച്ചു.
“സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം പേരെ അണിനിരത്തിയാണ് കേരളം വന്‍ പ്രതിഷേധം ഉയര്‍ത്തുന്നത്. വൈകിട്ട് നാലിന് തദ്ദേശ സ്ഥാപനങ്ങളില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡം പൂര്‍ണ്ണമായും പാലിച്ചായിരിക്കും സമരം.
കൊവിഡ് ദുരിതത്തില്‍ ജനങ്ങളാകെ പൊറുതിമുട്ടി കഴിയുമ്ബോള്‍ ഒരു കൂസലും കൂടാതെയാണ് ഇന്ധനവില ദിവസേന കൂട്ടുന്നത്. എണ്ണ കമ്ബനികളുടെ ജനദ്രോഹത്തിന് ചൂട്ടുപിടിച്ച്‌ മോദി സര്‍ക്കാരും ബി.ജെ.പിയും കോടികളുടെ കൊള്ളയാണ് പ്രതിദിനം നടത്തിക്കൊണ്ടിരിക്കുന്നത്. മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ജനങ്ങളെ പകല്‍ക്കൊള്ളയടിക്കുകയാണ്.”
വിജയരാഘവന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.